കൊച്ചി: ബിനീഷ് കോടിയേരിയ്ക്ക് പിന്നാലെ മന്ത്രി കെ.ടി.ജലീലിനും കുരുക്ക് മുറുകി . മന്ത്രി കെ.ടി. ജലീലിനെ ശനിയാഴ്ച എന്‍ഫോഴ്മെന്റ് ചോദ്യം ചെയ്യും . ഇതോടെ ഒന്നും പറയാനാകാതെ പിണറായി മന്ത്രിസഭയും സിപിഎം നേതൃത്വവും. സ്വര്‍ണക്കടത്ത് കേസില്‍ അണിയറയില്‍ ഇരിക്കുന്ന വമ്പന്‍ സ്രാവുകളെ വലയിലാക്കാന്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ്. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് ജലീലിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയ സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റംസാന്‍ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോള്‍ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോണ്‍സുലേറ്റിലേക്ക് ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടര്‍ന്ന് കര്‍ണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു. ഈ പാക്കറ്റുകള്‍ അടക്കം കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍ വഴി പാക്കേജുകള്‍ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവില്‍ എത്തിയ 250 പാക്കറ്റുകളില്‍ 20 കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തുന്ന മറ്റിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഇഡിയും കസ്റ്റംസും എന്‍ഐഎയും ശേഖരിച്ചിരുന്നു, റംസാന്‍ കിറ്റിനൊപ്പം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയ ഖുര്‍ ആന്‍ ആണ് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ കയറ്റി അയച്ചതെന്നാണ് ജലീല്‍ സ്വയം വെളിപ്പെടുത്തിയത്. എന്നാല്‍, അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഖുറാന്‍ പോലെയുള്ള മതഗ്രന്ഥങ്ങള്‍ ഒന്നും പാഴ്‌സല്‍ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോണ്‍സുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം, ഈ വാഹനം മൂവാറ്റുപുഴയില്‍ ചില പാഴ്‌സലുകള്‍ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
Post Your Comments