
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീല്‍ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനില്‍ക്കുകയാണ്. യു. എ.ഇ കോണ്‍സുലേറ്റുമായി ജലീല്‍ നടത്തിയ ചട്ടലംഘനവും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീല്‍ കടത്തിയ ഖുറാന്റെ തൂക്കവും കോണ്‍സുലേറ്റില്‍ നിന്നും വന്ന പാര്‍സലിന്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്. ജലീല്‍ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നല്‍കാത്തതെന്നും സുരേന്ദ്രന് ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിലെ മറ്റുപലര്‍ക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീല്‍ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി 9 മണിക്ക് പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments