ന്യൂഡല്‍ഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച്ച . ഇതിനു പിന്നാലെ മോദി സൈനിക മേധാവി ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട് .അതിര്‍ത്തിയില്‍ ചൈനയും , ഇന്ത്യയും സൈനിക വിന്യാസം ശക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തിര പ്രധാന്യമുള്ള ചര്‍ച്ച നടക്കുന്നത് .
അതേ സമയം ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ആയുധങ്ങളോടെയുള്ള ചൈനീസ് സൈനിക വിന്യാസത്തില്‍ അതിശക്തമായ എതിര്‍പ്പ് ഇന്ത്യ അറിയിച്ചിരുന്നു. മോസ്‌കോയില്‍ വിദേശകാര്യമന്ത്രി തല ചര്‍ച്ചയില്‍ എസ് ജയശങ്കര്‍ ആണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ ഇക്കാര്യം നേരിട്ട് അറിയിച്ചത് .
ലഡാക്കിലെ സംഘര്‍ഷം ഉടലെടുത്ത ശേഷം നടക്കുന്ന രണ്ടാമത്തെ ഉന്നത തല ചര്‍ച്ചയാണ് ഇത്. നേരത്തെ ഷാങ് ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിക്കിടെ പ്രതിരോധ മന്ത്രിതല ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടെ അരുണാചല്‍ പ്രദേശില്‍ നിന്ന് അടുത്തിടെ തട്ടിക്കൊണ്ടുപോയ അഞ്ച് പേരെയും ഉടന്‍ വിട്ടയക്കുമെന്ന് ചൈന പറഞ്ഞു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. നാളെത്തന്നെ അഞ്ച് പേരെയും ചൈനീസ് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് കൈമാറുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.
ഇതിനായുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും ഏതു സമയത്തും ഇന്ത്യക്കാര്‍ തിരികെ എത്താമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ചൈന ഇതുവരെ പറഞ്ഞിരുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. സംഭവത്തിനു പിന്നാലെ ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയിരുന്നു.
കാണാതായ അഞ്ച് ഇന്ത്യക്കാരെ ശനിയാഴ്ച ചൈനീസ് സൈന്യം കൈമാറുമെന്ന് കേന്ദ്രമന്ത്രി
എന്നാല്‍, അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് പേരെ കാണാതായ സംഭവത്തില്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്റെ പ്രതികരണം.അടുത്തിടെ അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന് ചൈന പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നു പിന്നോക്കം പോയാണ് ചൈന അരുണാചല്‍ പൗരന്‍മാര്‍ തങ്ങളുടെ പക്കലുണ്ടെന്ന് അറിയിക്കുകയും തിരിച്ചുതരികയും ചെയ്യുന്നത്.
Post Your Comments