Latest NewsNewsIndia

വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത : അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുസഖ്യവുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. വെസ്റ്റ് ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി ചുമതലേറ്റ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം പറഞ്ഞത്.

മതനിരപേക്ഷതയും വര്‍ഗീയതയുമായിരിക്കും പോരാട്ടം. കോണ്‍ഗ്രസിന്റെ സെക്യുലര്‍ മൂല്യങ്ങളായിരിക്കും ടിഎംസിയെയും ബിജെപിയെയും അന്തിമമായി തോല്‍പ്പിക്കുക. ഇടതുപക്ഷവുമായി ചേര്‍ന്ന് തൃണമൂലിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതക്കുമെതിരെ ആദര്‍ശ പോരാട്ടമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പിന് പ്രതിപക്ഷ ഐക്യമുണ്ടാക്കുമെന്നും ചൗധരി വ്യക്തമാക്കി.

2016ലും അധിര്‍ രഞ്ജന്‍ ചൗധരിയുടെ കീഴില്‍ ഇടതുപക്ഷവുമായി സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കം സഖ്യം തകരാന്‍ കാരണമായി. സിപിഎമ്മുമായി സഖ്യം തകരാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. അതുകൊണ്ടായിരിക്കാം അവര്‍ സഖ്യം ഉപേക്ഷിച്ചത്. സഖ്യം അവസാനിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് ആഗ്രഹിച്ചില്ലെന്നും ചൗധരി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button