ചെന്നൈ : രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥി പരീക്ഷസമ്മർദം മൂലം ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ അരിയാലൂർ സ്വദേശിയായ വിഘ്നേശ് ആത്മഹത്യ ചെയ്തത്.
വിദ്യാർത്ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. രണ്ട് വർഷം മുൻപ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിഷമത്തിന് മറ്റൊരു പെൺകുട്ടിയും ഇതേ ജില്ലയിൽ ആത്മഹത്യ ചെയ്തിരുന്നു. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് അനിത എന്ന കൗമാരക്കാരിയാണ് അന്ന് ആത്മഹത്യ ചെയ്തത്. സംഭവം അന്ന് തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിഘ്നേശ് പത്തിലും പ്ലസ്ടുവിലും ഉയർന്ന മാർക്ക് നേടി പാസായ ആളാണ്. ഈ ഞായറാഴ്ച ദേശീയവ്യാപകമായി നീറ്റ് പരീക്ഷ നടത്താനാരിക്കേയാണ് വിഘ്നേശിൻ്റെ ആത്മഹത്യ. പുലർച്ചെ എഴുന്നേറ്റ് പഠിക്കാൻ ഇരിക്കുന്ന മകനെ മുറിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വീട്ടിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയെന്നാണ് വിഘ്നേശിൻ്റെ പിതാവ് പറയുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments