വാഷിംഗ്ടണ്‍: ചൈന പാകിസ്ഥാനെ സൈനിക മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് യു.എസ്. രാജ്യത്തിന്റെ പ്രതിരോധ വിഭാഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത്തരം പരാമര്‍ശമുള്ളത്. പാകിസ്ഥാന്‍ പ്രദേശങ്ങളെ കര, വ്യോമ, നാവിക സേനകളുടെ പ്രകടനങ്ങള്‍ക്കും പരിശീലനത്തിനും മറ്റുമായിട്ടാകും ചൈന ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായല്ല ചൈന തങ്ങളോട് സൗഹൃദം കാട്ടുന്ന രാജ്യങ്ങളെ ഇത്തരത്തില്‍ സൈനിക അഭ്യാസങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ഇന്റോനേഷ്യ, ശ്രീലങ്ക, യു.എ.ഇ, കെനിയ, ടാന്‍സാനിയ, അംഗോള, തജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെയും ചൈന ഇത്തരം പരിശീലനങ്ങള്‍ക്കായി കണ്ടുവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തങ്ങളുടെ വ്യോമ, നാവിക, കരസേനാ വിഭാഗങ്ങള്‍ക്ക് സഹായകമാകുന്ന രീതിയിലാണ് ഇത്തരം സൈനിക കേന്ദ്രങ്ങള്‍ ചൈന നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജി ബൗട്ടിയില്‍ ഇത്തരത്തിലൊരു താവളം ചൈന ഇപ്പോള്‍ തന്നെ സൃഷ്ടിച്ചുകഴിഞ്ഞു.
ചൈനീസ് സൈനിക വക്താക്കള്‍ വളരെ തന്ത്രപരമായാണ് തങ്ങളുടെ പരിശീലന പരിപാടികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുന്നതെന്നും പറയുന്നു. ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു ആരോപണം ചൈനയ്ക്കു മേല്‍ ഉന്നയിക്കുന്നത്. പാകിസ്ഥാനില്‍ നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി പോലും മലാക്ക പോലുള്ള തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ വേഗം എത്തിച്ചേരാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments