ന്യൂഡല്‍ഹി : ഗോത്ര വിഭാഗങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്ന ക്രിസ്ത്യന്‍ എന്‍ജിഒകള്‍ക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനായി എന്‍ജിഒകള്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കി. 13 ക്രിസ്ത്യന്‍ എന്‍ജിഒകളുടെ ലൈസന്‍സുകളാണ് ഇത്തരത്തിൽ റദ്ദാക്കിയിരിക്കുന്നത്.
ഇനി മുതല്‍ സംഘടകള്‍ക്ക് മത പരിപാടികള്‍ക്കായി വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ കഴിയില്ല. ലൈസന്‍സുകള്‍ റദ്ദാക്കിയതിന് പുറമേ 13 എന്‍ജിഒകളുടെയും ബാങ്ക് അക്കൗണ്ടുകളും ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ എന്‍ജിഒകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നതായാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ എന്‍ജിഒകളോട് ആഭ്യന്തര മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസ്തുത സമയത്തിനുള്ളില്‍ വിശദീകരണം നല്‍കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആറ് മാസത്തെ കാലാവധിയാണ് ആഭ്യന്തര മന്ത്രാലയം വിശദീകരണം നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ജിഒകള്‍ക്കെതിരെ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
Post Your Comments