ടെഹ്റാൻ : ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമെനേയി.
വിവാദമായ പ്രവാചകനെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന കാർട്ടൂൺ ചിത്രങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള മാസികയുടെ തീരുമാനം മാപ്പർഹിക്കാത്ത കൊടുംകുറ്റമാണെന്നും ഖമെനേയി പറയുന്നു.ഇസ്ലാമിനും മുസ്ലിം സമുദായത്തിനും എതിരെയുള്ള പാശ്ചാത്യ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളുടെ ശത്രുതയെയും വിദ്വേഷത്തെയുമാണ് ഇക്കാര്യം എടുത്തുകാട്ടുന്നതെന്നും ഖമെനേയി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്ലാമിന്റെ വിശുദ്ധ പ്രവാചകനെ അപമാനിക്കുന്ന മാസികയുടെ ഈ നടപടിയെ ഫ്രാൻസിലെ രാഷ്ട്രീയനേതാക്കൾ അപലപിക്കാൻ കൂട്ടാക്കാത്തത് വലിയ തെറ്റാണെന്നും ഖമനേയി കൂട്ടിച്ചേർത്തു.
അതേസമയം കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതിലൂടെ മാസിക തെറ്റ് ചെയ്തുവെന്ന് പറയാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.ദൈവനിന്ദ നടത്താനുള്ള സ്വാതന്ത്ര്യം ഫ്രാൻസിലുണ്ടെന്നും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവുമായിട്ടാണ് അതിന് ബന്ധമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. 2015 ജനുവരി ഏഴിനാണ് പാരീസിലെ ഷാർലി എബ്ദോയുടെ ഓഫീസിൽ വച്ച് മാസികയുടെ പേരുകേട്ട കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെയുള്ള 12 പേരെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്.
Post Your Comments