തൃശൂർ: വടക്കാഞ്ചേരി ലെെഫ് മിഷൻ ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോര് ശക്തമാകുന്നതിനിടെ മന്ത്രി എ.സി.മൊയ്തീന്‍ ഉന്നയിച്ച വാദങ്ങള്‍ വിചിത്രമാണെന്ന് അനില്‍ അക്കര എംഎല്‍എ.
റെഡ്ക്രെസന്റും ലൈഫ്മിഷനുമായിട്ടാണ് ധാരണയെന്ന് കരാര്‍രേഖയില്‍ പറഞ്ഞിട്ടുണ്ട്. യൂണിടാക്കിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ്മിഷന്‍ റെഡ്ക്രെസന്റിന് കത്ത് നല്‍കിയിട്ടുമുണ്ട്. റെഡ്ക്രെസന്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതിന്റെ ഏതെങ്കിലും രേഖകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
വടക്കാഞ്ചേരിയില്‍ യൂണിടാക് സോയില്‍ ടെസ്റ്റ് നടത്തിയിട്ടില്ലെന്ന് പറഞ്ഞ എംഎല്‍എ സോയില്‍ ടെസ്റ്റ് എന്താണെന്നതിനെ സംബന്ധിച്ച് മന്ത്രിക്ക് വല്ല ധാരണയുമുണ്ടോ എന്ന് ചോദിച്ചു.വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയം സാധാരണ കെട്ടിടം പണിയുന്നത് പോലെയാണ് പണിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റെഡ്ക്രെസന്റ് 500 കോടി നല്‍കുമെന്ന് പറഞ്ഞത് യുഎഇയിലുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി നടത്തണമെന്ന് മുന്‍കൂട്ടി നടത്തിയ ആസൂത്രണമാണ്. അതുകൊണ്ടാണ് യൂണിടാക്കുമായി കരാറുണ്ടാക്കുന്നത്. യൂണിടാക്കുമായി കരാറുണ്ടാക്കാന്‍ യുഎഇ കോണ്‍സുലേറ്റിന് അധികാരമില്ലെന്ന് അറിയാത്തവരല്ല ഇവര്‍. അഴിമതി നടത്താന്‍ വേണ്ടി മാത്രം ചെയ്തതാണ്.
എല്ലാം അറിയാമെന്ന് പറയുന്ന മന്ത്രി എ.സി.മൊയ്തീന്‍ അവിടെ ആശുപത്രി പണിയുന്നത് ആരാണെന്ന് പറയണം. സര്‍ക്കാരിന്റെ പക്കല്‍ ആശുപത്രി പണിയുന്നതുമായി ബന്ധപ്പെട്ട് ഒരു രേഖയുമില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു.
Post Your Comments