ഹൈദരാബാദ് : മൂന്നു വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. നാഗേന്ദ്ര (23) എന്ന യുവാവിനാണ് കാമുകിയായ സുപ്രിയ (20) യുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. നാഗേന്ദ്ര ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാഗേന്ദ്രയുടെയും സുപ്രിയയുടെയും രണ്ടു ജാതിയായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വേര്‍പിരിഞ്ഞതിന് പിന്നാലെ ഒരു മാസം മുമ്പ് നാഗേന്ദ്ര വിവാഹിതനായി. എന്നാല്‍ ഇക്കാര്യം സുപ്രിയ അറിഞ്ഞതോടെ മുന്‍ കാമുകനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. പലതവണ ശ്രമിച്ചെങ്കിലും എല്ലാം പാളിപ്പോയി. ഇതോടെയാണ് യുവാവിന് നേരെ ആസിഡ് പ്രയോഗം നടത്താന്‍ തീരുമാനിച്ചത്.
യുവതിയുടെ വീടിനു സമീപത്തുകൂടി പോയപ്പോഴായിരുന്നു ആദ്യത്തെ ആസിഡ് ആക്രമണം. എന്നാല്‍ അന്ന് ഇടതു തോളില്‍ ചെറിയ പരുക്കുകളോടെ നാഗേന്ദ്ര രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് യുവതിയുടെ വീടിനടുത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്ക് വേഗം കുറച്ചപ്പോഴാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ഇതേതുടര്‍ന്ന് ആദ്യത്തെ ആക്രമണത്തിനുശേഷം പരാതി നല്‍കിയില്ലെങ്കിലും രണ്ടാമത്തേതില്‍ പരാതിപ്പെടാന്‍ നാഗേന്ദ്ര തീരുമാനിക്കുകയായിരുന്നു. നാഗേന്ദ്രയുടെ പരാതിയില്‍ സുപ്രിയയ്‌ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
Post Your Comments