ജയ്പുര്‍: ജയില്‍ മോചിതനായ ഡോ. കഫീല്‍ ഖാന് കുടുംബസമേതം താമസം ഉത്തര്‍പ്രദേശില്‍ നിന്നും ജയ്പുരിലേക്കു മാറ്റി. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ജയ്പുരിലേക്ക് താമസം മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്. അതിനാല്‍ അവിടം സുരക്ഷിതമാണെന്ന് കരുതുന്നു. എന്റെ കുടുംബവും അങ്ങനെ തന്നെയാണ് കരുതുന്നത്.
കഴിഞ്ഞ ഏഴര മാസത്തോളം മാനസികമായും ശാരീരികമായും ഞാന്‍ ഏറെ പീഡനം അനുഭവിച്ചുവെന്നും കഫീല്‍ ഖാന് പറഞ്ഞു. പ്രിയങ്ക ഗാന്ധി വിളിച്ച് തന്റെ താമസം ജയ്പുരിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാമെന്നും യുപി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പറഞ്ഞുവെന്നും കഫീല്‍ ഖാന് കൂട്ടിച്ചേര്‍ത്തു.
തന്നെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കും. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ താന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയഭേദഗതിക്കെതിരെ അലീഗഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചതിനെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കഫീല്‍ ഖാനെ ജയിലില്‍ അടച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായത്.
Post Your Comments