ബെര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ദേഹത്ത് പ്രയോഗിച്ച വിഷം നോവിചോക് നെര്‍വ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണെന്ന് ജര്‍മന്‍ സര്‍ക്കാര്‍. ഒരു മിലിട്ടറി ലബോറട്ടിയില്‍ നടത്തിയ പരിശോധനയിലാണ് അലക്‌സിയുടെ ഉള്ളിലെത്തിയത് സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് വിഭാഗത്തില്‍പ്പെട്ട വിഷമാണെന്ന് കണ്ടെത്തിയത്.
നൊവിചോക് എന്നത് വിഷത്തിന്റെ ഒരു പൊതുപേരാണ്. ഇതേ ഗ്രൂപ്പില്‍പ്പെട്ട പല തരം വിഷങ്ങള്‍ സോവിയറ്റ് കാലത്ത് ശത്രുക്കളെ ആക്രമിക്കാനായി ഉപയോഗിച്ചിരുന്നു. 2018-ല്‍ ഇംഗ്ലണ്ടില്‍ വച്ച് റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപലിനെയും മകളെയും കൊലപ്പെടുത്താനായി നല്‍കിയ അതേ വിഷമാണിത്. അലക്‌സിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് അലക്‌സിയെ ചികിത്സിക്കുന്ന ബെര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 44 കാരനായ അലക്‌സി നവല്‍നി ഇപ്പോഴും കോമയിലാണ്.
കഴിഞ്ഞ മാസമാണ് സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ നിന്നും അലക്‌സിയെ ജര്‍മനിയിലെത്തിച്ചത്. സൈബീരിയയില്‍ നിന്ന് മോസ്‌കോവിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ നിന്ന് ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് അലക്‌സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്. റഷ്യന്‍ പ്രധാനമന്ത്രി വ്‌ലാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അലക്‌സിയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തില്‍ ജര്‍മനി റഷ്യയോട് വിശദീകരണം തേടിയിരുന്നു.
അതേസമയം, ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ക്രെംലിനില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യവക്താവ് ദിമിത്രി പെഷ്‌കോവ് പറയുന്നത്. അലക്‌സിയ്ക്ക് നോവിചോക് വിഷബാധയേറ്റത് സംബന്ധിച്ച വിവരങ്ങള്‍ ജര്‍മനിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments