കോട്ടയം : പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയുടെ ഹാള്‍ ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എംജി സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്.
അതേസമയം ഹാള്‍ ടിക്കറ്റിലെ കുറിപ്പ് പാഠഭാഗത്തുനിന്നുള്ളതാണെന്നും സർവകലാശാല വ്യക്തമാക്കുന്നു. കേസില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു പരാമര്‍ശം.
ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളജിലാണ് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ഥിനിയായ അഞ്ജു ബികോം ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്ത് എഴുതിയ വിവരങ്ങള്‍ അഞ്ജുവിന്റെ ഉത്തരക്കടലാസില്‍ ഉണ്ടോ എന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ സി.ഇ. ശ്രീജിത്തിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് റിപ്പോർട്ട് നൽകിയത്.
അതേസമയം കൊച്ചി റീജനല്‍ ഫൊറന്‍സിക് ലാബിലെ പരിശോധനാഫലം ലഭിച്ചതിനു ശേഷമേ, ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതാണോ എന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്നു ഡിവൈഎസ്പി പറഞ്ഞു. അഞ്ജുവിന്റെ ഹാള്‍ടിക്കറ്റ്, നോട്ട്ബുക്കുകള്‍ തുടങ്ങിയവ നേരത്തേ തന്നെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
Post Your Comments