OnamFestivals

തിരുവോണനാളിലെ ചടങ്ങുകളും തൃക്കാകരയപ്പന്റെ സങ്കല്‍പ്പവും

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുന്നു. ഇതില്‍ തിരുവോണം നാളിലാണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുമ്ബില്‍ ആവണിപ്പലകയിലിരുന്ന് കളിമണ്ണില്‍മെനഞ്ഞെടുത്ത ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിലെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്‍പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.

തിരുവോണനാളിലാണ് തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് ‘തൃക്കാല്‍ക്കര’ ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.

തൃശൂര്‍ ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന ചടങ്ങുണ്ട്. പാലക്കാട് ചില പ്രദേശങ്ങളില്‍ ഇത് ഉത്രാടം നാളിലാണ്. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ‘ഓണം കൊള്ളുക’ എന്നാണ് ഈ ചടങ്ങിനെ പറയുന്നത്.

തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്ബക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ് എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു എന്നാണ് സങ്കല്‍പം.

” തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവര്‍ത്തിച്ച്)
ആര്‍പ്പേ…. റ്വോ റ്വോ റ്വോ ”

എന്ന് ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ക്കുന്ന ചടങ്ങിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. തുടര്‍ന്ന് അരിമാവുകൊണ്ടുള്ള കോലം വീടിന്റെ മറ്റു സ്ഥലങ്ങളിലും നിരത്തുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്.

ഓണസദ്യയാണ് തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍ വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്ബുകള്‍ക്കും സദ്യ കൊടുക്കണമെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. ഉറുമ്ബുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷമാണ് ഓണക്കളികളില്‍ ഏര്‍പ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button