തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നുപേരൊഴികെ മറ്റെല്ലാവർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണമായത് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ വ്യക്തമായി.
ജൂലായിലുണ്ടായ 51 മരണങ്ങളാണ് പ്രത്യേകം പഠനവിധേയമാക്കിയത്. ജൂലായിൽ 63 പേർ മരിച്ചെങ്കിലും കാരണം പൂർണമായും കോവിഡെന്ന് ലാബിൽ സ്ഥിരീകരിച്ചത് 51 പേരുടേതു മാത്രമാണ്. ഏഴു മരണങ്ങൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് കോവിഡല്ലെന്ന് വിലയിരുത്തി. നാലു മരണങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാൻ വൈകിയതും ഒരെണ്ണം മലയാളിയല്ലാത്തതിനാലുമാണ് പഠനത്തിൽ ഉൾപ്പെടുത്താതിരുന്നത്.
കഴിഞ്ഞദിവസം വരെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചതും (14,077) ഏറ്റവും കൂടുതൽ പേർ (81) മരിച്ചതും തിരുവനന്തപുരം ജില്ലയിലാണ്. ജൂലായിൽ മരിച്ച 44 പേർക്കും വിദേശ, മറ്റു സംസ്ഥാന സന്ദർശന ചരിത്രമില്ല. പൂർണമായും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണു കരുതുന്നത്. ഏഴുപേർക്കു മാത്രമാണ് യാത്രാചരിത്രമുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെയുണ്ടായ മരണങ്ങളിൽ 40.47 ശതമാനവും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്.
Post Your Comments