കോഴിക്കോട്: സിനിമാ മോഡലില്‍ മോഷണം, തൊണ്ടിമുതല്‍ കടത്തിയത് ലോഡിംഗ് തൊഴിലാളികളെ വിളിച്ച്. പൊലീസിനേയും നാട്ടുകാരേയും വിഡ്ഡികളാക്കിയ മോഷണം ജഗതി സ്റ്റയിലില്‍. കോഴിക്കോടാണ് ജഗതിസ്റ്റയില്‍ മോഷണം നടന്നത്. സിനിമയിലെ മോഷണം കോഴിക്കോടുള്ള ഈ കള്ളന്‍ ജീവിതത്തില്‍ അതേപടി പകര്‍ത്തുകയായിരുന്നു. പക്ഷേ പലനാള്‍ കള്ളന്‍ ഒരു നാള്‍ കോഴിക്കോട് പൊലീസിന്റെ പിടിയിലായി. കിണ്ണം കട്ട കള്ളന്‍, ടോക്കിയോ നഗറിലെ വിശേഷങ്ങള്‍ തുടങ്ങി ചിത്രങ്ങളില്‍ ജഗതി ശ്രീകുമാര്‍ അഭിനയിച്ച് തകര്‍ത്ത മോഷണമാണ് അനീഷും പ്രാവര്‍ത്തികമാക്കിയത്. രണ്ട് സിനിമകളിലും ജഗതിയുടെ കഥാപാത്രം മോഷ്ടിക്കാന്‍ ശ്രമിച്ചത് ഇലക്ട്രോണിക്സ് ഉപകരണങ്ങളായിരുന്നു.
Read Also : പഴയതോ ഉപയോഗശൂന്യമോ ആയ വാഹനങ്ങളുടെ ആര്‍സി ബുക്ക് റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങള്‍, എന്തൊക്കെയെന്നറിയാം
ഇവിടെ യഥാര്‍ത്ഥ മോഷണത്തിലും നെല്ലിക്കോട് പറയരുകണ്ടികാരനായ അനീഷ് മോഷ്ടിച്ചത് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തന്നെയാണ്. മാവൂര്‍ റോഡ് മര്‍ക്കസ് കോംപ്ലക്‌സിലെ കമ്ബ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നാണ് രണ്ടു ലക്ഷത്തോളം രൂപയുടെ ബാറ്ററികള്‍ വിദഗ്ധമായി മോഷ്ടിച്ച അനീഷ് പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായത്. കൊവിഡ് കാലമായതിനാല്‍ സ്ഥാപനം ഏറെ നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ മോഷ്ടാവ് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഗ്ലാസ്‌ഡോറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി. ബാറ്ററിയുടെ കണക്ഷന്‍ അറുത്തുമാറ്റിയ ശേഷം കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നു തലയില്‍ ചുമന്ന് താഴെ എത്തിച്ചു. തുടര്‍ന്ന് തൊട്ടടുത്ത മാളിനുസമീപം ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടുവന്നു. ഇയാള്‍ പാളയത്ത് നിന്ന് ഗുഡ്‌സ് ഓട്ടോയും വിളിച്ചു കൊണ്ടു വന്നിരുന്നു. സ്വന്തം കടയാണെന്നാണ് ഇവരോടെല്ലാം പറഞ്ഞത്. മോഷണമാണെന്ന് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ അനീഷ് പ്രത്യേകം ശ്രദ്ധിച്ചു. ചുമട്ടുകൂലി കൊടുത്ത ശേഷം ബാറ്ററികള്‍ ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി പൊറ്റമ്മലിലെ ഒരു കടയിലേക്കാണ് എത്തിച്ചത്. ഇവിടെ എത്തിയ ശേഷം കിലോയ്ക്ക് 65 രൂപ നിരക്കില്‍ ബാറ്ററികള്‍ വിറ്റു കാശും വാങ്ങി.
പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടന്ന പ്രതിയെ വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി നടക്കാവ് പ്രിന്‍സിപ്പല്‍ എസ്.ഐ കൈലാസ് നാഥ്, എസ്.ഐ വി.ആര്‍. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്, ഷഹീര്‍, സുമേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിറ്റ ബാറ്ററികള്‍ പൊറ്റമ്മലിലെ കടയില്‍ നിന്നും കണ്ടെടുത്തു. ബാറ്ററികള്‍ക്ക് ഓരോന്നിനും ശരാശരി 14000 രൂപയാണു യഥാര്‍ത്ഥവില.
അതിവിദഗ്ധനായ കള്ളനെ പിടിക്കാന്‍ പൊലീസ് നാട് മുഴുവന്‍ അരിച്ചുപറക്കിയാണ് തിരച്ചില്‍ നടത്തിയത്. ഒടുവില്‍ സമാനമായ മോഷണങ്ങള്‍ നടത്തിയവരുടെ വിവരങ്ങളും തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments