കോഴിക്കോട് : ജില്ലയിൽ വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. ജില്ലയിലെ നടുവണ്ണൂരിലും പൂവാട്ടുപറമ്ബിലുമാണ് റേഷന്‍ കടയില്‍ നിന്ന് വിതരണം ചെയ്ത ഓണക്കിറ്റില്‍ പുകയില ഉത്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.കോഴിക്കോട് നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ശര്‍ക്കര പലഹാരമുണ്ടാക്കാനായി ഉരുക്കിയപ്പോഴാണ് ഹാന്‍സ് പാക്കറ്റ് പുറത്തുവന്നത്.
കിറ്റ് തുറന്നപ്പോള്‍ പുകയിലയുടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശര്‍ക്കരയില്‍ പുകയില ഉത്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തിയത്. പ്ലാസ്റ്റിക് പാക്കറ്റില്‍ നിന്ന് പുകയിലയുടെ പൊടിയും കിട്ടി. ഓണക്കിറ്റില്‍ ശര്‍ക്കരയുടെ കട്ടയാണ് ഇവര്‍ക്ക് ലഭിച്ചത്. ഉരുക്കിയ ശര്‍ക്കരയില്‍ നിന്ന് ലഭിച്ചത് ഹാന്‍സ് ആണെന്ന് സ്ഥിരീകരിച്ച കുടുംബം ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടര്‍ നടപടികള്‍ക്കായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.
നടുവണ്ണൂര്‍ സൗത്തിലെ റേഷന്‍ കടയില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലും പുകയില ഉത്പന്നത്തിന്‍റെ പാക്കറ്റ് കണ്ടെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് നടുവണ്ണൂരിലെ റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കിയുള്ള കിറ്റുകള്‍ പിന്‍വലിച്ച് പകരം കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
Post Your Comments