കൊളംബോ : ഹമ്പന്തോടാ തുറമുഖം ചൈനയ്ക്ക് നല്‍കിയത് വലിയ തെറ്റായി പോയെന്ന് ശ്രീലങ്ക. അതുകൊണ്ട് തന്നെ വിദേശ നയത്തില്‍ ഇന്ത്യയ്ക്കായിരിക്കും മുന്‍ഗണനയെന്നും ശ്രീലങ്ക വ്യക്തമാക്കി. പ്രസിഡന്റ് ഗോതാബയ രജപക്‌സെയുടെ സുപ്രധാന നിലപാട് അറിയിച്ചത് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയന്ത് കൊളംബാഗേയാണ്.
വിദേശനയത്തിൽ ഇന്ത്യയെ ആയിരിക്കും ആദ്യം പരിഗണിക്കുക എന്നതാണ് ശ്രീലങ്കയുടെ ഏറ്റവും പുതിയ തീരുമാനം. ഒപ്പം ഇന്ത്യയുടെ പ്രതിരോധത്തിന് കോട്ടം വരുന്ന ഒന്നിനും ശ്രീലങ്ക കൂട്ടുനില്‍ക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി ജയന്ത് കൊളംബാഗേ പറഞ്ഞു. ‘ശ്രീലങ്കയുടെ തന്ത്രപരമായ പ്രതിരോധ വിഷയങ്ങളിലെല്ലാം ഇന്ത്യയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയ്‌ക്കെതിരെ ഒരു സുരക്ഷാ വീഴ്ചയുണ്ടാകാന്‍ ശ്രീലങ്കയ്ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയില്‍ നിന്നും ഏറെ ഗുണങ്ങള്‍ ലഭിക്കേണ്ട രാജ്യമാണ് നമ്മള്‍.’ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയയുടെ വാക്കുകളെ പരാമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി ജയന്ത് പറഞ്ഞു.
ചൈനയുമായുളള ബന്ധം ദീര്‍ഘകാലത്തേയ്ക്ക് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന നിലപാടിലേയ്ക്ക് ശ്രീലങ്ക മാറുന്നുവെന്ന സൂചനയാണ് വിദേശകാര്യവകുപ്പ് നല്‍കുന്നത്. ഹമ്പന്തോടാ തുറമുഖം ചൈന 85 ശതമാനം കൈവശാവകാശം സ്ഥാപിച്ചുകൊണ്ട് 99 വര്‍ഷത്തെ പാട്ടക്കരാറാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം ഇന്ത്യയെ വളഞ്ഞു പിടിക്കുക എന്ന ചൈനയുടെ തന്ത്രത്തിനെതിരെ നേരത്തെ തന്നെ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments