പുല്‍പള്ളി: കേരള ബാങ്ക് ബത്തേരി സായാഹ്ന ശാഖയിലെ അക്കൗണ്ടന്റായ ഷീജ ചീറിയടുത്ത കടുവയുടെ മുമ്പില്‍പെട്ട അനുഭവം വിവരിക്കുമ്പോള്‍ മുഖത്തുനിന്നും നടുക്കം ഇപ്പോഴും മാറിയിട്ടില്ല. ജോലി സ്ഥലത്തു നിന്ന് വൈകിട്ട് 6 മണി കഴിഞ്ഞാണ് സ്‌കൂട്ടറില്‍ ഇരുളം മണല്‍ വയലിലുള്ള വീട്ടിലേക്ക് തിരിച്ചത്. ആറേമുക്കാലോടെ പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തി. അപ്പോള്‍ കുറച്ചു മുന്‍പിലായി റോഡരികിലൂടെ ഒരു കടുവ മുന്നോട്ട് നടന്നു പോകുന്നതു കണ്ടു. സ്‌കൂട്ടര്‍ വേഗത കുറച്ചു.
അപ്പോഴേക്കും പിറകെ നിന്നെത്തിയ ഒരു ബൈക്ക് യാത്രികന്‍ കടുവയുള്ളതറിയാതെ സ്‌കൂട്ടറിനെ മറികടന്നുപോയി. കടുവയുടെ അടുത്തെത്തിയതും അത് അലറിക്കൊണ്ട് ബൈക്കിന് പിന്നാലെ ഓടി. പിന്നാലെ എത്തിയ മറ്റൊരു ബൈക്കിനു നേരെ കടുവ ഉയര്‍ന്നു ചാടി. ബൈക്ക് മറിയാന്‍ തുടങ്ങിപ്പോള്‍ കടുവ യാത്രക്കാരനെ പിടികൂടിയെന്നു തോന്നി. എന്നാല്‍ എങ്ങനെയോ ബൈക്കോടിച്ച് അയാളും രക്ഷപ്പെട്ടു.യാത്രികൻ വേഗത്തില്‍ പോയതോടെ റോഡില്‍ ഷീജ മാത്രമായി. ഇതോടെ ഒരു കടുവ ഗര്‍ജനത്തോടെ ഷീജയുടെ നേരേ തിരിഞ്ഞു. ഷീജ സ്‌കൂട്ടര്‍ തിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
എന്നാല്‍ കൃത്യസമയത്ത് തന്നെ അവിടെ എത്തിയ ടെംപോ ട്രാവലര്‍ ഡ്രൈവറാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഷീജ പറയുന്നു. ട്രാവലര്‍ വേഗത്തിലെത്തി തന്റെയും കടുവയുടെയും മധ്യേ നിര്‍ത്തുകയായിരുന്നു. ട്രാവലര്‍ കണ്ട കടുവ വീണ്ടും വലിയ മുരള്‍ച്ചയോടെ ഉയര്‍ന്നു ചാടുകയും അതിനു പിന്നാലെ ഓടുകയും ചെയ്തു. ഉടന്‍ ട്രാവലര്‍ ഡ്രൈവര്‍ വണ്ടി പിന്നോട്ടെടുത്തത് രക്ഷയായി.
കടുവ റോഡില്‍ നിന്ന് ഉള്ളിലേക്ക് കയറി. രണ്ടു മിനിറ്റോളം കടുവയുടെ തൊട്ടു മുന്‍പില്‍ അകപ്പെട്ടു എന്നും ഷീജ പറയുന്നു.ഈ സമയത്ത് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ചാണ് രക്ഷപ്പെട്ടതെന്നും ഷീജ പറയുന്നു. മണല്‍ വയല്‍ കൊളമാലയില്‍ ബിജുവിന്റെ ഭാര്യയാണ് ഷീജ. രണ്ടാഴ്ച മുമ്പ് പള്ളിച്ചിറയില്‍ ഫോറസ്റ്റ് റെയ്ഞ്ചറെയും ഡ്രൈവറെയും കടുവ ആക്രമിച്ചിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അന്ന് വനപാലകര്‍ രക്ഷപ്പെട്ടത്.
Post Your Comments