കൊൽക്കത്ത : പശ്ചിമബംഗാളിൽ സിപിഎം കടുത്ത ആശങ്കയിൽ. പാർട്ടിയിലെ യുവാക്കളുടെ അംഗത്വ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതാണ് ഇതിന് കാരണം. അംഗത്വ പുനർ നിർണയത്തിനുശേഷം അയച്ച കത്തിലാണ് പാർട്ടിയുടെ വിലയിരുത്തൽ.
അഞ്ചുവർഷം മുമ്പ് നടന്ന കൊൽക്കത്ത പ്ളീനത്തിൽ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തിന്റെ 20-ഉം 25-ഉം ശതമാനമായി ഉയർത്തണമെന്ന് നിശ്ചയിച്ചിരുന്നു. മൂന്നുവർഷത്തിനകം ഇത് നടപ്പാവണമെന്നും നിഷ്കർഷിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല യുവജനങ്ങളുടെ അംഗസംഖ്യ കുറയുകയുമാണ്.
2020-ലെ അംഗത്വ പുനർനിർണയ പ്രകാരം ബംഗാൾ സി.പി.എമ്മിന്റെ അംഗസംഖ്യ 1,60,485 ആണ്. കഴിഞ്ഞ വർഷത്തെക്കാൾ 7,500 അംഗങ്ങൾ കുറവ്. യുവാക്കളുടെ അംഗത്വം ആകെ അംഗസംഖ്യയുടെ 7.68 ശതമാനം ആണ്. കഴിഞ്ഞവർഷം ഇത് 9.09 ശതമാനം ആയിരുന്നു.
അതേസമയം, കൊറോണ, ഉംപുൺ ചുഴലിക്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യുവാക്കളുടെ സഹകരണം വലിയ രീതിയിൽ ഉണ്ടായിരുന്നു. എന്നാൽ, ഇവരാരും പാർട്ടി അംഗത്വമെടുക്കുന്നില്ലെന്നും സിപിഎം അയച്ച കത്തിൽ പരാമർശമുണ്ട്. യുവാക്കളെ ആകർഷിക്കാൻ കൂടുതൽ പോരാട്ടവീര്യമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും ഇതിൽ വീഴ്ച വന്നാൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു.
Post Your Comments