കണ്ണൂര്‍ : എസ്ഐയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കണ്ണൂര്‍ തളിപ്പറമ്പ് ഏഴാംമൈല്‍ ശാന്തിനഗറിലെ കെ.വി. മനോജ് കുമാറിനെയാണ് മലപ്പുറം എംഎസ്പി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതോടെ പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചെത്തിയ മനോജ് കുമാര്‍.പതിനൊന്നോടെ എത്തിയ സഹപ്രവര്ത്തകന് വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പിന്‍വാതിലിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
മരണകാരണം സാമ്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നില്‍ കണ്ണൂര്‍ സ്വദേശിയായ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന് വേണ്ടി ലോണെടുക്കുന്നതിന് മനോജ് കുമാര്‍ ജാമ്യം നിന്നിരുന്നു. കെഎസ്എഫ്ഇ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത ശേഷം ലോണ്‍ തിരിച്ചടക്കാന്‍ ഇയാള്‍ തയ്യറായില്ല, ഇതോടെ മനോജ് കുമാറിന്റെ ശബളത്തിൽ നിന്നും ലോണ്‍ തുക പിടിക്കാന്‍ തുടങ്ങി. കഴിഞ്ഞ 27 മാസമായി മനോജ് കുമാറിന്റെ ശബളത്തിൽ നിന്നും ഇത്തരത്തിൽ ലോണ്‍ തുക പിടിച്ചിരുന്നു. എന്നാൽ പല തവണ ഈ പണം ചോദിച്ച് ഉന്നത ഉദ്യോഗസ്ഥനെ മനോജ് കുമാര്‍ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു.
മനോജ് കുമാറിനെപ്പോലെ 22 ഓളം പോലീസുകാര്‍ ഇയാള്‍ക്കു വേണ്ടി ജാമ്യം നിന്ന് വഞ്ചിതരായിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.ആംഡ് പോലീസ് ബറ്റാലിയിനുകളില്‍ സാധാരണയായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലോണെടുക്കുമ്പോൾ ജാമ്യം നിൽക്കുന്നവർ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. എന്നിരുന്നാലും പലപ്പോഴും പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ പരാതി പറയാന്‍ തയാറാകുന്നില്ല. മനോജ് കുമാറിന്റെ മരണത്തില്‍ അന്വേഷണം നടത്തുമ്പോൾ ഇക്കാര്യം കൂടി അന്വേഷിക്കണമെന്നാണ് സഹപ്രവര്‍ത്തകരുടെ പരാതി. അതേസമയം മനോജ് കുമാറിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments