സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടത്തിപ്പ് അവകാശം നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് ആരംഭിച്ച എല്ലാം വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ് മോദി ഭരണത്തിലും നടക്കുന്നതെന്നും ഡി വൈഎഫ് ഐ നേതാവ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം…………………………………………………………
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചന : ഡിവൈഎഫ്‌ഐ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. കേരളത്തോടുള്ള കൊടിയ വഞ്ചനയാണിത്. വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാളിതുവരെയായി ഈ രാജ്യത്തിന്റെ സ്വത്തായിരുന്ന തിരുവനന്തപുരം വിമാനത്താവളം ഇനിമുതല്‍ അദാനിയുടേതാകുന്നു. ഇനിമേല്‍ ഇവിടെ ആര്‍ക്കും സ്ഥിരനിയമനമില്ല. നിയമനങ്ങളില്‍ സംവരണവുമില്ല. വിലമതിക്കാനാകാത്ത കണ്ണായഭൂമിയില്‍ നാടിന്റെ പണമുപയോഗിച്ച് പണിതുയര്‍ത്തിയ വിമാനത്താവളം ബിജെപിക്ക് ഇഷ്ടക്കാരനായ അദാനിക്ക് എഴുതിനല്‍കുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്.
കേന്ദ്രസര്‍ക്കാരിന്റെ എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് കേരള സര്‍ക്കാര്‍ നടത്തിയത്. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് കെ.എസ്.ഐ.ഡി.സി യെ തഴഞ്ഞ് ടെന്‍ഡര്‍ നടപടികളില്‍ അദാനി ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ പരിഗണന നല്‍കുകയായിരുന്നു. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുപ്പോലും കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമയുദ്ധത്തിന് പോയി. സുപ്രീംകോടതി കേസ് പരിഗണിച്ച ശേഷം ഹൈക്കോടതിയോട് അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്.
തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ് ആരംഭിച്ച എല്ലാം വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ തുടര്‍ച്ചയാണ് മോദി ഭരണത്തിലും നടക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളും വിമാനത്താവളങ്ങളും കുറഞ്ഞ വിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് എഴുതി വില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ സ്ഥിരം തൊഴിലുകളും നിയമനങ്ങളിലെ സംവരണങ്ങളും എന്നേക്കുമായി ഇല്ലാതാകുന്നു. രാജ്യത്തിന്റെ പൊതുസ്വത്ത് അതിസമ്പന്നര്‍ക്ക് പതിച്ചുനല്‍കി അതിലൂടെ കോടികളുടെ കമ്മീഷന്‍ ബിജെപിക്ക് ലഭിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇത് പകല്‍ക്കൊള്ളയാണ്. തിരുവനന്തപുരത്തോടൊപ്പം സ്വകാര്യവല്‍ക്കരിക്കാന്‍ പട്ടികയിലുണ്ടായിരുന്ന ജെയ്പൂര്‍, മാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ രണ്ടിടത്തേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെറുവിരല്‍ അനക്കിയിട്ടില്ല. മാംഗ്ലൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ പദ്ധതിപ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസായിരുന്നു അവിടെ ഭരിച്ചിരുന്നത്. ചെറുത്തുനില്‍പ്പുണ്ടായത് കേരളത്തില്‍ നിന്ന് മാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനപക്ഷ നിലപാടാണ് ഇതില്‍ പ്രതിഫലിച്ചത്. വിമാനത്താവളം അദാനിക്ക് വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരണം. കേന്ദ്രസര്‍ക്കാര്‍ ഈ ജനവിരുദ്ധ തീരുമാനം പുന:പരിശോധിക്കാന്‍ തയ്യാറാകണം.
ബിജെപി നയങ്ങളുടെ ലൗഡ്സ്പീക്കറായി മാറിയ കോണ്‍ഗ്രസ് ഇക്കാര്യത്തിലെങ്കിലും വ്യത്യസ്തമായ നിലപാട് സ്വീകരിക്കണം. ബിജെപി സംസ്ഥാന നേതൃത്വം ഇനി എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിക്കുന്നത്? സംസ്ഥാനത്തിന് സംഭവിച്ച പകരംവെക്കാനാകാത്ത നഷ്ടമാണ് വിമാനത്താവള കച്ചവടം. ഇതില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വവും കേരളത്തിനെതിരായ നീക്കത്തില്‍ അദാനിഗ്രൂപ്പിനൊപ്പം കൈകോര്‍ത്തുനിന്നിരുന്നു. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Post Your Comments