വാഷിങ്ടന്‍ : ചൈനയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുഎസിന്റെ സഹായം തേടി ലോകരാഷ്ട്രങ്ങള്‍. പ്രതിരോധത്തിനായി തയ്വാന് ആയുധം നല്കാന് പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനവുമായാണ് യുഎസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ ചൈനയുടെ എതിര്‍പ്പ് മറികടന്ന് യുഎസ് ഒപ്പുവച്ചു. യുഎസും തയ്വാനും തമ്മില്‍ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ ആയുധ കരാറാണിത്. യുഎസ് കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് കോര്പറേഷന് നിര്‍മിക്കുന്ന 66 അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങളാണ് യുഎസ് തയ്വാനു നല്‍കുക. കരാര്‍ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026 ഓടെ പൂര്‍ത്തിയാകും.
തയ്വാന് ആയുധങ്ങള്‍ നല്‍കുന്നതും സൈനിക ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടുന്നതുമായ കാര്യങ്ങളില്‍നിന്നു യുഎസ് അടിയന്തരമായി പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. തയ്വാനു യുഎസ് ആയുധം വില്‍ക്കുന്നതിനെ എക്കാലത്തും ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് ചൈനയുടേത്. പാട്രിയോട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി (പാക്-3) വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം നവീകരിക്കുന്നതിനുള്ള തയ്വാന്റെ അപേക്ഷ അടുത്തിടെയാണ് യുഎസ് അംഗീകരിച്ചത്.
കരാറിനെതിരെ ചൈന വന്‍ പ്രതിഷേധം ഉയര്‍ത്തി. യുഎസ് ഒപ്പു വച്ചതോടെ മുഖ്യകരാറുകാരായ ലോക്ഹീഡ് മാര്ട്ടിന് കോര്‍പറേഷനു മേല്‍ ചൈന ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ ചൈനയില്‍ യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്താന്‍ ലോക്ഹീഡ് മാര്‍ട്ടിനു കഴിയില്ല. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാര്‍ കഴിഞ്ഞ വര്‍ഷം തന്നെ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. ഏതാനും നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയാക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് യുഎസ് ഹെല്‍ത്ത് സര്‍വീസ് സെക്രട്ടറി അലക്സ് അസര്‍ തയ്വാന് സന്ദര്‍ശിച്ചു രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു.
Post Your Comments