ന്യൂഡല്‍ഹി • വിദ്വേഷ പ്രസംഗങ്ങളും പോസ്റ്റുകളും പങ്കുവെച്ച് ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കാന്‍ ബി.ജെ.പി നേതാക്കളെ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അനുവദിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ, ഫേസ്ബുക്കിലും ട്വിറ്ററിലും ഭീഷണി നേരിടുന്നതായി വെളിപ്പെടുത്തി ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥ.
തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും ആളുകൾ അവർക്കെതിരെ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസ് ഡല്‍ഹി പോലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി.
ഓഗസ്റ്റ് 14 ന് ശേഷമാണ് താന്‍ ഭീഷണി നേരിടുന്നതെന്ന് പരാതിയിൽ ദാസ് പറഞ്ഞു. 5-6 പേരുടെ പേരും ദാസ് തന്റെ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്ക് അതിന്റെ വിദ്വേഷ സംഭാഷണ നയം മാറ്റിവച്ച് ബി.ജെ.പി നേതാക്കൾക്ക് വിദ്വേഷകരമായ അഭിപ്രായങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യാൻ അനുവദിച്ചതിനാൽ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം പക്ഷപാതപരമാണെന്ന് ആരോപിച്ച് അമേരിക്കൻ ദിനപത്രമായ വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 14) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് വിവാദം ആരംഭിച്ചത്. ഇന്ത്യയിലെ ബി.ജെ.പി സർക്കാരുമായി നല്ല ബന്ധം പുലർത്താനാണ് ഫേസ്ബുക്ക് അങ്ങനെ ചെയ്തതെന്ന് ഡബ്ല്യു.എസ്.ജെ റിപ്പോർട്ട് പറയുന്നു.
സാമൂഹ്യമാധ്യമമമായ ഫേസ്ബുക്കിനെയും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പിനെയും രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പി നിയന്ത്രിക്കുകയാണെന്നും വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള വ്യാജവാർത്താ പ്രചാരണത്തിനായി അവയെ ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും ബിജെപിയും ആർ.എസ്.എസും നിയന്ത്രിക്കുന്നു. അവർ അതിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. അവസാനമായി അമേരിക്കൻ മാധ്യമങ്ങൾ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം എന്താണെന്ന് പറഞ്ഞിട്ടുണ്ട്,” രാഹുൽ ട്വീറ്റ് ചെയ്തു.
എന്നാൽ രാഹുലിന്റെ അഭിപ്രായ പ്രകടനം സ്വന്തം പാർട്ടിക്കാരെപ്പോലും സ്വാധീനിക്കാൻ കഴിയാത്ത പരാജിതർക്ക് തോന്നുന്ന കാര്യമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.
അതേസമയം, അക്രമത്തെ പ്രേരിപ്പിക്കുന്ന ഉള്ളടക്കം കമ്പനി നിരോധിക്കുകയും ആരുടെയും രാഷ്ട്രീയ നിലപാട് പരിഗണിക്കാതെ ആഗോളതലത്തിൽ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതായി ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
Post Your Comments