മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കർ വഞ്ചകനാണെന്നും നിലവിലെ വിവാദത്തില്‍ ശിവശങ്കറിന് മാത്രമെ പങ്കുള്ളുവെന്നും പറഞ്ഞ മന്ത്രി ജി. സുധാകരനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. എസ് രാധാകൃഷ്ണന്. മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയെന്നും എന്നാല്‍ അറിയാതെ പറ്റിയ തെറ്റായതിനാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം ഇല്ലെന്നുമാണ് സുധാകരൻ പറയുന്നതെന്ന് ഡോ. എസ് രാധാകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം……………………………………………………………
അയ്യോ… എന്തൊരു കഴിവ് കെട്ടവനാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് ആരും മൂക്കത്ത് വിരൽ വച്ച് പറഞ്ഞുപോകും…
മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. മന്ത്രി സുധാകരൻ സമ്മതിച്ചു. പക്ഷെ, അറിയാതെ പറ്റിയ തെറ്റായതുകൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വം ഇല്ലെന്നാണ് സുധാകര മതം.
അറിയാതെയാണ് തെറ്റു ചെയ്തത് എന്ന വാദം ഒരു പാറവക്കീൽ പോലും തന്റെ കക്ഷിയുടെ രക്ഷയ്ക്കായി, ഒരു കോടതിയിലും ഉന്നയിക്കില്ല. ചെയ്തത് തെറ്റാണെന്നു തനിക്കറിയില്ലായിരുന്നു എന്നു പറഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയില്ല എന്നാകിൽ ഒരു കുറ്റവാളിയേയും ശിക്ഷിക്കാനാകില്ല. അതുകൊണ്ടാണ് നിയമത്തെക്കുറിച്ചുള്ള ആജ്ഞത, ശിക്ഷയിൽ നിന്നും രക്ഷനേടാനുള്ള കാരണമല്ലെന്ന് നമ്മുടെ നീതിന്യായവ്യവസ്ഥ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മാന്യനും മഹാനും സത്യസന്ധനുമാണ്. അതുകൊണ്ട് അദ്ദേഹം തെറ്റുചെയ്താലും അദ്ദേഹത്തെ ശിക്ഷിക്കരുത് എന്നാണ് സുധാകരൻ വാദിക്കുന്നത്. മാന്യനും മഹാനുമായ മുഖ്യമന്ത്രി ചെയ്ത തെറ്റ് എന്താണ്? സ്വർണക്കള്ളക്കടത്തുകാരുടേയും രാജ്യദ്രോഹികളുടേയും വിഹാരരംഗമാക്കി മാറ്റാൻ മുഖ്യമന്ത്രി തന്റെ ഓഫീസിനെ അനുവദിച്ചു. പക്ഷെ, മുഖ്യമന്ത്രിയല്ല, അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ് ഈ ഹീനകൃത്യം ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നു. എങ്ങനെ പോകുന്നു മന്ത്രി സുധാകരന്റെ വാദം.
ഇവ്വിധമൊക്കെ സുധാകരൻ പറഞ്ഞാൽ അത് വിശ്വസിക്കണമെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കണം. ഇത് റഷ്യയും ചൈനയുമല്ല; ഇന്ത്യയാണ്. ഇവിടെ ഭരണഘടനയും നിയമവും ചട്ടവും ഒക്കെയുണ്ട്. അവയൊക്ക ലംഘിച്ചുകൊണ്ട് താനാണ് രാജ്യം, തന്റെ ഇഷ്ടമാണ് നിയമമെന്ന് പിണറായിക്കും, സുധാകരനും പറയാം. പക്ഷെ, ആളുകൾ അത് അംഗീകരിക്കില്ല എന്ന് മാത്രം.
2017, 2018, 2019, എന്നെ വർഷങ്ങളിൽ സ്വപ്നാസമേതനായി തന്റെ പ്രിൻസിപ്പൽ സെക്രട്ടറി വിദേശ സഞ്ചാരം നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറഞ്ഞാൽ കൊടിയ സഖാക്കൾ പോലും വിശ്വസിക്കില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയെ പോലീസ് മേധാവിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അറിയിച്ചില്ല എന്നുവിശ്വസിക്കാൻ പ്രയാസം. അങ്ങനെ മുഖ്യമന്ത്രിയെ അവർ അറിയിച്ചില്ല എങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
മുഖ്യമന്ത്രിയുടെ മന്ത്രിമാർ ചട്ടലംഘനം നടത്തി ഖുർ-ആൻ എന്ന വ്യാജേന കള്ളക്കടത്ത് നടത്തിയതും മുഖ്യമന്ത്രി അറിയാതെ പോയി. ലൈഫ് മിഷൻ്റെ പേരിൽ യു എ ഇയിലെ രക്ത ചന്ദ്രിക എന്ന പ്രസ്ഥാനം കടുംവെട്ട് നടത്തിയതും സ്വപ്ന ഒരുകോടി അതിൽ നിന്നും അടിച്ചു മാറ്റിയതും, മുഖ്യമന്ത്രി അറിഞ്ഞില്ല. അയ്യോ… എന്തൊരു കഴിവ് കെട്ടവനാണ് നമ്മുടെ മുഖ്യമന്ത്രി എന്ന് ആരും മൂക്കത്ത് വിരൽ വച്ച് പറഞ്ഞുപോകും.
സ്വപ്നയുടെ തോളിൽ തൂങ്ങാൻ വെമ്പുന്ന സ്പീക്കർ, സ്വപനയുമായി രാത്രി സംഭാഷണത്തിൽ ഏർപ്പെടുന്ന മന്ത്രിമാർ, സ്വപ്നയുമായി രാജ്യദ്രോഹത്തിൽ ഏർപ്പെടുന്ന സെക്രട്ടറി, ഇതൊന്നും അറിയാതെ അപ്പാവിയായ മുഖ്യമന്ത്രി. ഇതാണോ, സുധാകരന് മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭിപ്രായം.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
Post Your Comments