ഭോപ്പാല്‍ : നാല് മാസം മുന്‍പ് തട്ടിക്കൊണ്ടുപോയ പതിനാറുകാരിയെ പൊലീസ് രക്ഷപ്പെടുത്തി.മധ്യപ്രദേശിലെ മണ്ട്ല ജില്ലയിലാണ് സംഭവം. മണ്ട്ലയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
സാഗര്‍, മണ്ട്ല എന്നിവിടങ്ങളിലെ പോലീസിന്റെ സംയുക്ത നീക്കത്തിനൊടുവില്‍ ധ്വാര ഗ്രാമത്തിലെ ബഹാദൂര്‍ യാദവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അനിത യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബഹാദൂര്‍ യാദവിന്റെ കുടുംബാംഗങ്ങളെ പ്രതിചേര്‍ക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ തന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും വിവേക് പവാര്‍, പ്രശാന്ത് ദുബെ എന്നീ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമം മൂലമാണ് മകളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. അനിത യാദവ് മകളെ തട്ടിക്കൊണ്ടുപോയതായി നാലുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയെന്നും ഇക്കാര്യത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു. പെണ്‍കുട്ടിയെ തിരഞ്ഞിറങ്ങുമ്പോള്‍ അനിതയുടെ പേരല്ലാതെ മറ്റൊരു സൂചനയും തങ്ങള്‍ക്കില്ലായിരുന്നുവെന്ന് പ്രശാന്ത് ദുബെ പറഞ്ഞു. അനിത യാദവ് പെണ്‍കുട്ടിയെ ബഹാദൂര്‍ യാദവിന്റെ മകന് വിവാഹം കഴിക്കാനായി 25,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നും പ്രശാന്ത് ദുബെ ആരോപിച്ചു.
Post Your Comments