Life Style

തലവേദനയെ നിസ്സാരമാക്കേണ്ട… കടുത്ത തലവേദനയാണെങ്കില്‍ മൈഗ്രെയ്‌നോ ബ്രെയിന്‍ ട്യൂമറോ ആകാം… രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനം

ചെറിയ തലവേദന വന്നാല്‍ അത് ബ്രെയിന്‍ ട്യൂമറാണോ എന്ന് സംശയിക്കണോ? വേണ്ട. തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ പ്രഥമ ലക്ഷണം എന്നിരിക്കെ എങ്ങിനെ ബ്രെയിന്‍ ട്യൂമറിന്റെ തലവേദനയെ തിരിച്ചറിയാം? പൂര്‍ണ്ണമായി തിരിച്ചറിയുക എളുപ്പമല്ല, എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറേയൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാനാകും.

ബ്രെയിന്‍ ട്യൂമറും മൈഗ്രേനും

സഹിക്കാന്‍ പറ്റാത്ത തലവേദന, രാത്രിയില്‍ പെട്ടെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരുന്ന തരത്തിലുള്ള തലവേദന, സുഖമായി ഉറങ്ങിയിരുന്ന ആള്‍ ഉറക്കത്തില്‍ നിന്ന് തലവേദന മൂലം ഉണരുകയാണെങ്കില്‍ അതിന് പ്രാധാന്യമുണ്ട്. തലവേദനയോട് കൂടിയ ഛര്‍ദ്ദി, ഓര്‍മ്മ നഷ്ടപ്പെടുക, അപസ്മാരം, ഒരു വശത്തിന് ബലക്കുറവ്, ഒരു വശത്തിന് തരിപ്പ്, കാഴ്ചക്കുറവ്, അപസ്മാരം ഇല്ലാത്ത രോഗിക്ക് പുതിയതായി അപസ്മാരം വരിക, ഇതെല്ലാം ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. ഒരളവ് വരെ മൈഗ്രെയിനിന്റെ ലക്ഷണങ്ങളുമായി ഇതിനെ കൂട്ടി വായിക്കുവാന്‍ സാധിക്കും. അതുകൊണ്ടാണ് പലപ്പോഴും ഈ തലവേദനകളെല്ലാം ബ്രെയിന്‍ ട്യൂമറിന്റേതാവണം എന്നില്ല എന്ന് പറയുന്നത്.

ട്യൂമറിന്റെ തലവേദന ഒരു ചെറുകഥ പോലെയാണ്, അതിന്റെ അവസ്ഥ നീണ്ടതല്ല, തലവേദന ആരംഭിച്ച് തുടങ്ങിയാല്‍ രോഗി ഒരിക്കലും പൂര്‍ണ്ണമായി സുഖപ്പെടുന്നില്ല. എന്നാല്‍ മൈഗ്രൈയിനിന്റെ തലവേദന ഒരു നോവല്‍ പോലെയാണ്, നീണ്ടകഥയാണിത്. പലപ്പോഴും രോഗിയോട് തലവേദന എത്രനാളായി എന്ന് ചോദിക്കുമ്‌ബോള്‍ പത്തും പതിനാറും വര്‍ഷമായി എന്നൊക്കെ രോഗി നീട്ടി പറയുമ്‌ബോള്‍ കേള്‍ക്കുന്ന ഡോക്ടര്‍ക്ക് ആശ്വാസമാണ്. ഗൗരവം വര്‍ദ്ധിപ്പിക്കാനാണ് രോഗി പറയുന്നതെങ്കിലും ഡോക്ടര്‍ക്കറിയാം പതിനാറ് വര്‍ഷമായിട്ട് ഒരു ബ്രെയിന്‍ ട്യൂമറും വളരില്ല എന്ന്. അതുകൊണ്ട് ചെറുകഥയുടേയും നോവലിന്റെയും തമ്മിലുള്ള ഈ തുലനം തലവേദനയുടെ ആ വ്യത്യാസത്തെ മനസ്സിലാക്കാന്‍ സഹായിക്കും.

തലയ്ക്ക് മുഴുവനായി വരുന്ന വേദന പലപ്പോഴും ട്യൂമറിന്റേതാവാനാണ് സാധ്യത. മൈഗ്രേനിന്റെ തലവേദന തലയുടെ ഇരുവശങ്ങളിലായി മാറി വന്നേക്കാം പക്ഷെ ഒരിക്കലും തലയില്‍ മുഴുവനായി വരാറില്ല. തലവേദനയുടെ ഗൗരവം കൂട്ടാന്‍ ചിലപ്പോള്‍ ആളുകള്‍ ഛര്‍ദ്ദിയുടെ കാര്യവും പറയും. ഇത് മൈഗ്രേനിലും പൊതുവായ ലക്ഷണമാണ്. എന്നാല്‍ ബ്രെയിന്‍ ട്യൂമറിന്റെ ഛര്‍ദ്ദിയില്‍ മേഗ്രേനിന്റെ ഛര്‍ദ്ദിയിലേത് പോലെ മനം പുരട്ടലുണ്ടാകില്ല. ഇതിനെ പ്രൊജക്ടൈല്‍ വൊമിറ്റിങ്ങ് (Projectile Vomiting) എന്നാണ് പറയുന്നത്. പെട്ടെന്ന് രോഗി ഛര്‍ദ്ദിക്കും, ഛര്‍ദ്ദി കഴിയുമ്‌ബോള്‍ മൈഗ്രേനിലും ബ്രെയിന്‍ ട്യൂമറിലും വേദനയുടെ തീവ്രത കുറയുന്നതായി കാണാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button