ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം എം.എസ്. ധോണിയുടെ വിരമിക്കല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരാധകര്‍ക്ക് നോവായിരിക്കുകയാണ്. ഹെലികോപ്ടര്‍ ഷോട്ടും അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച് വിജയത്തിലെത്തിക്കാറുള്ള പോരാട്ടവീര്യവും ഒട്ടേറെ ആരാധകരെ ധോണിക്ക് സമ്മാനിച്ചിരുന്നു. 28 വര്‍ഷത്തിന് ശേഷം ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് വീണ്ടും ഇന്ത്യയിലെത്തുകയും ചെയ്തു. ഒട്ടേറെ പ്രമുഖര്‍ ധോണിക്ക് ആശംസയുമായി എത്തി. ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി രാഷ്ട്രീയത്തിലെ കരുത്തനുമായ അമിത് ഷായുമുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകള്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം താനും ചേരുന്നതായി ഷാ ട്വിറ്ററില്‍ പറഞ്ഞു. ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ഏകദിന ലോകകപ്പും ട്വറ്റി 20 ലോകകപ്പും ജയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ ധോണിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചയും ചൂടുപിടിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമ്പര്‍ക്ക യഞ്ജത്തിന്റെ ഭാഗമായി അമിത് ഷാ ധോണിയെ സന്ദര്‍ശിച്ചിരുന്നു.വിരമിക്കലിന് ശേഷം ധോണി ബിജെപിയില്‍ ചേരുമെന്ന് ഝാര്‍ഖണ്ഡിലെ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. ധോണി തന്റെ സുഹൃത്താണ്.
ഏറെ നാളായി ചര്‍ച്ച നടക്കുകയാണ്. വിരമിക്കലിന് ശേഷം മാത്രമേ പാര്‍ട്ടി പ്രവേശനം ഉണ്ടാവൂ. അദ്ദേഹം അന്ന് വിശദീകരിച്ചു. ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേരുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ധോണിയുടെ വിരമിക്കല്‍ ഉണ്ടായില്ല. ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനവും പിന്നാലെയെത്തിയ അമിത് ഷായുടെ ട്വീറ്റുമാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നത്. നിരവധി ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ധോണിക്കുള്ളത്. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു.
Post Your Comments