മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്‌പേയ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം.ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം അന്തരിച്ചത്. രാഷ്ട്രീയനേതാവ്, വാഗ്മി, കവി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അടല്‍ ബിഹാരി വാജ്പേയി. മൂന്ന് തവണ പ്രധാനമന്ത്രിയായ വാജ്പേയി ബിജെപിയില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി കൂടിയായിരുന്നു. 1996ല്‍ 13 ദിവസവും 1998-99ല്‍ 13 മാസവും 1999-2004 വരെ അഞ്ച് വര്‍ഷവും അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവ് കൂടിയാണ് അദ്ദേഹം. ദീര്‍ഘകാലം ലഖ്‌നൗവിനെ പ്രതിനിധീകരിച്ച ലോക്‌സഭാംഗമായിരുന്നു അദ്ദേഹം.
1924 ഡിസംബര്‍ 25 -ന് കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ഗ്വാളിയോറിലാണ് അടല്‍ ജനിക്കുന്നത്. അധ്യാപകനായിരുന്നു അച്ഛന്‍. വിക്ടോറിയ കോളേജില്‍ നിന്ന് ഹിന്ദി, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയില്‍ ബിരുദം. കാണ്‍പൂര്‍ DAV കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം എന്നിവ പൂര്‍ത്തിയാക്കി. അതിനിടെ 1944 -ല്‍ ആര്യ കുമാര്‍ സഭ എന്ന ആര്യസമാജത്തിന്റെ യുവജനവിഭാഗത്തില്‍ നേതൃനിരയിലേക്ക് എത്തുന്നു വാജ്പേയി. തുടര്‍ന്ന് രാഷ്ട്രീയ സ്വയം സേവക് സംഘില്‍ അംഗമാകുന്നു. 1939 ബാബാസാഹേബ് ആപ്‌തെയുടെ പ്രചാരക് ആയി മാറി .
1940 -ല്‍ വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ഇടത് വ്യതിയാനവും വാജ്‌പേയിക്ക് സംഭവിച്ചിട്ടുള്ളതായി ചരിത്രം പറയുന്നുണ്ട്. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(CPI) വിദ്യാര്‍ത്ഥിവിഭാഗമായ എഐഎസ്‌എഫില്‍ അംഗത്വമെടുക്കുന്നുണ്ട് വാജ്‌പേയി. സിപിഐ ഒരു അന്താരാഷ്ട്ര കാഴ്ചപ്പാടായിരുന്നു അന്ന് വെച്ചുപുലര്‍ത്തിയിരുന്നത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്നതിനിടെ ബ്രിട്ടനെതിരെ നടത്തുന്ന സമരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കും എന്നതുകൊണ്ട് സിപിഐ സ്വാതന്ത്ര്യസമരത്തിനുവരെ അന്ന് എതിരായിരുന്നു. വാജ്‌പേയിയുടെ ഈ ഇടതുഭ്രമം താത്കാലികമായിരുന്നു. താമസിയാതെ അദ്ദേഹം സംഘ് പാളയത്തിലേക്കുതന്നെ തിരിച്ചുപോന്നു.
അടിസ്ഥാനപരമായി ആര്‍എസ്‌എസ് പ്രത്യയശാസ്ത്രമായിരുന്നു ഉള്ളില്‍ എന്നതിനാല്‍ സ്വാതന്ത്ര്യസമരം നടക്കുന്നകാലത്ത് രാഷ്ട്രീയമായി സജീവമായിരുന്നിട്ടും, ഗാന്ധിജിയുടെ ആശയങ്ങളോട് അനുഭവം പ്രകടിപ്പിക്കാനോ ദേശീയതലത്തില്‍ നടക്കുന്ന സമരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനോ വാജ്‌പേയിക്ക് സാധിച്ചിരുന്നില്ല. എന്നിട്ടുപോലും 1942 -ല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരായിരിക്കെ അടലും സഹോദരന്‍ പ്രേമും ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റിലാകുന്നുണ്ട്. ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നു എങ്കിലും, ബഡേശ്വറില്‍ അന്ന് നടന്ന അക്രമങ്ങളിലൊന്നും തനിക്കോ സഹോദരനോ പങ്കില്ല എന്ന് എഴുതി നല്കിയിട്ടാണ് അന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.
1947 -ല്‍ വിഭജനത്തിന്റെ ലഹളകള്‍ക്കിടെ വാജ്‌പേയിയുടെ നിയമപഠനം മുടങ്ങുന്നുണ്ട്. തുടര്‍ന്ന് ദീനദയാല്‍ ഉപാധ്യായയുടെ പത്രങ്ങളായ സ്വദേശി, വീര്‍ അര്‍ജുന്‍, മാസിക രാഷ്ട്രധര്‍മ, വരിക പാഞ്ചജന്യം എന്നിവയ്ക്കുവേണ്ടി ജോലിചെയ്യാന്‍ തുടങ്ങുന്നു അദ്ദേഹം.1951 -ല്‍ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോള്‍ ദീനദയാല്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം വാജ്പേയി അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അധികം താമസിയാതെ അതിന്റെ നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രിയ അനുയായിയായി അദ്ദേഹം മാറുന്നു. 1968 ദീനദയാല്‍ ഉപാധ്യയുടെ മരണത്തിനു ശേഷം വാജ്‌പേയി ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നു.
1975 -ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളില്‍ പലരും അറസ്റ്റുചെയ്യപ്പെട്ട കൂട്ടത്തില്‍ വാജ്‌പേയിയും ജയിലിലായി . പിന്നീട് 1977 -ല്‍ അടിയന്തരാവസ്ഥ കഴിഞ്ഞ് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ ഗവണ്മെന്റുണ്ടായപ്പോള്‍ വാജ്‌പേയി വിദേശകാര്യമന്ത്രിയായി. 1979 -ല്‍ വാജ്‌പേയിയുടെ രാജിയും, ജനത ഗവണ്മെന്റിന്റെ തകര്‍ച്ചയും ഒക്കെയുണ്ടാകുന്നു. അതായത് 1980 -ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.
1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ല്‍ എ. ഐ. എ. ഡി. എം. കെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന്‍ കഴിഞ്ഞില്ല. 1999-ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയി.പൊഖ്റാന്‍ ആണവ പരീക്ഷണവും(മേയ് 1998) കാര്‍ഗില്‍ യുദ്ധവും 2001ലെ പാര്‍ലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടല്‍ ബിഹാരി വാജ്പേയ്.
Post Your Comments