KeralaLatest NewsIndiaNews

ഇന്ന് 74ാം സ്വാതന്ത്ര്യദിനം,പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടില്‍ എത്തും

ന്യൂഡല്‍ഹി, 74ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍, ആസൂത്രണ കമ്മീഷന്‍ റദ്ദാക്കല്‍, സംയുക്ത സൈനിക മേധാവിയുടെ നിയമനം എന്നീ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലാണ്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടില്‍ എത്തും. 7.18 ഓട് കൂടി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 7. 25 ഓട് കൂടി ചെങ്കോട്ടയിലെ ലാഹോര്‍ ഗെയ്റ്റില്‍ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് ഔപചാരികമായി സ്വീകരിക്കും. പിന്നീട് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പ്രധാനമന്ത്രിയെ സ്വീകരിക്കും.

ശേഷം ദേശീയ പതാക ഉയര്‍ത്തുന്നതിനായി പ്രധാനമന്ത്രി വേദിയില്‍ എത്തും. ദേശീയ പതാക ഉയര്‍ത്തിയാല്‍ രാഷ്ട്രീയ സല്യൂട്ട് നല്‍കും. ശേഷം ആര്‍മി ഗ്രനേഡിയേഴ്‌സ് റെജിമെന്റല്‍ സെന്റര്‍ മിലിറ്ററി ബാന്റ് ദേശീയ ഗാനം ആലപിക്കും. ഇതോട് കൂടി 74ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ ലളിതമായ ആഘോഷ പരിപാടികളാണ് നടക്കുക.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹുതല സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിനായി എന്‍എസ്ജി, എസ്പിജി, ഐടിബിപി എന്നീ സുരക്ഷാ ഏജന്‍സികളുടെ സഹകരണവും ഡല്‍ഹി പോലീസ് തേടിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ഡല്‍ഹിയിലെ പ്രധാന ഭാഗങ്ങളില്‍ സ്വാറ്റ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ സുരക്ഷ ശക്തമാക്കുന്നതിനായി പരാക്രം വാനുകളും മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംശയാസ്പദ സാഹചര്യത്തില്‍ കാണുന്നവരെ പരിശോധിക്കാന്‍ വാന്റേജ് പോയിന്റില്‍ ഫേഷ്യല്‍ റെകഗ്‌നിഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button