ഇടുക്കി: 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അനുവദനീയ ജലനിരപ്പെന്നിരിക്കെ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി ആയാല്‍ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 6ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (ജലവിഭവം) ടി.കെ.ജോസ് തമിഴ്‌നാടിന് കത്ത് നല്‍കിയതായി കേരളം അറിയിച്ചിരുന്നെങ്കിലും കേരളം നല്‍കിയെന്നു പറയുന്ന കത്ത് ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്നലെ അണക്കെട്ടില്‍ പരിശോധനയ്ക്ക് എത്തിയ മുല്ലപ്പെരിയാര്‍ ഉപസമിതിയോട് ഇക്കാര്യം അറിയിച്ചത്.
അതേസമയം മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോള്‍ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ തീരുമാനമുണ്ടാകുകയൊള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ തമിഴ്‌നാട് ഒഴിഞ്ഞുമാറുകയായിരുന്നു. വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉപസമിതി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേരും.
Post Your Comments