KeralaLatest NewsNews

98കാരനായ സ്വാമി പ്രകാശാനന്ദയുടെ ജീവന്‍ അപകടത്തില്‍, ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു ; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: 98കാരനായ ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയെ ആശുപത്രി മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി. ആരെയും അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും പ്രകാശാനന്ദയുടെ അനുയായിയായ, തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വര്‍ക്കലയില്‍ ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലെ മോര്‍ച്ചറിയോടു ചേര്‍ന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് പ്രകാശാനന്ദ കഴിയുന്നത്. എസ്എന്‍ ട്രസ്റ്റ് ഭാരവാഹികളുടെ അന്യായമായ തടങ്കലിലാണ് സ്വാമി. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രകാശാനന്ദ മഠത്തിലേക്കു വരുന്നതു തടയാനാണ് ഇത്തരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അനാവശ്യമായി മരുന്നുകള്‍ നല്‍കിയും സ്ലോ പോയിസനിങ്ങിലൂടെയും സ്വാമി പ്രകാശാനന്ദയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ജീവന് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രായത്തിന്റെ അവശതയല്ലാതെ മറ്റ് അസുഖങ്ങള്‍ ഒന്നുമില്ലാത്ത പ്രകാശാനന്ദയെ അദ്ദേഹത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഭക്തര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതും അനുഗ്രഹം തേടുന്നതും തടയുകയാണ്. അദ്ദേഹത്തിന്റെ അവസ്ഥ താന്‍ വ്യക്തിപരമായി കണ്ടു മനസ്സിലാക്കിയതാണെന്ന് വിജേന്ദ്രകുമാര്‍ പറയുന്നു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, എസ്എന്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സൂപ്രണ്ട് എന്നിവരുടെ പേരുകള്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button