ഇടുക്കി: ക്യാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്ന കട്ടപ്പന സ്വദേശിയെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് പടികയറ്റിയ സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ മാസം ആറാം തീയതിയാണ് ക്യാന്‍സര്‍ ബാധിതനായ സനീഷ് ജോസഫിനെ രജിസ്ട്രാര്‍ നിര്‍ബന്ധിച്ചത്. ഇതു പ്രകാരം ആംബുലന്‍സില്‍ ഓഫീസ് പരിസരത്ത് എത്തിച്ച സനീഷിനെ മൂന്നാം നിലയില്‍ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഇതിന്റെ പിറ്റേ ദിവസം സനീഷ് മരണപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ജനരോഷം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് മന്ത്രിയായ ജി സുധാകരന്‍ സംഭവത്തെകുറിച്ച് അന്വേഷിച്ചത്.
Post Your Comments