ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയ ഇസ്ലാമിക തീവ്രമത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ സഹായിക്കാന്‍ ഒരു രാജ്യവും തയ്യാറായിരുന്നില്ലെന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. മോദി സർക്കാരിന്റെ കീഴിലുള്ള ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഭയപ്പെട്ടിരുന്നതായിട്ടാണ് മഹാതീറിന്റെ തുറന്ന് പറച്ചില്‍. അതേസമയം താത്കാലികമായി സാക്കിര്‍ നായികിന് മലേഷ്യയില്‍ അഭയം നല്‍കിയെങ്കിലും പിന്നീട് മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റാനായിരുന്നു തങ്ങള്‍ ഉദ്ദേശിച്ചിരുന്നതെന്നും മഹാതീര്‍ പറയുന്നു.ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സാക്കിറിന് തത്കാലത്തേക്കാണ് മലേഷ്യയില്‍ അഭയം നല്‍കിയത്. പിന്നീട് സാക്കിറിനെ സുരക്ഷിതമായി മറ്റേതെങ്കിലും രാജ്യത്തേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍, പല രാജ്യങ്ങളും അയാളെ സ്വീകരിക്കാന്‍ തയാറായില്ല. തങ്ങളില്‍ നിന്ന് രക്ഷപെട്ടോടിയ ആള്‍ക്ക് അഭയം നല്‍കി ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ രാജ്യങ്ങള്‍ ഭയപ്പെടുന്നുണ്ടെന്നും’ മഹാതീര്‍ വ്യക്തമാക്കി.
ഇന്ത്യ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്. ലോകത്തെ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ പ്രാധാന്യം മനസിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയുമായും നരേന്ദ്രമോദിയുമായുള്ള ബന്ധം നശിപ്പിക്കാന്‍ രാജ്യങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. അതാണ് സാക്കിറിനെ സ്വീകരിക്കാന്‍ മടിച്ചതിന്റെ ഒരു കാരണം.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ ഉത്സാഹത്തോടെയാണ് പ്രവര്‍ത്തിച്ചത്. കൃത്യമായ ഇടവേളകളില്‍ രാജ്യത്തിന് പുറത്ത് പോകുന്നതിന്റെ പേരില്‍ മോദിയെ പരിഹസിക്കുന്ന ആളുകൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അതുവഴി ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നേടിയ സ്വീകാര്യത. ലോകരാജ്യങ്ങള്‍ക്കിടയിൽ ഇന്ത്യ ഇന്ന് ബഹുമാനിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെയും ദക്ഷിണ ചൈന കടലിലേയും രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ ഇവിടേക്കൊന്നും തന്നെ സാക്കിറിനെ അയയ്ക്കുന്ന കാര്യം ചിന്തിക്കാനാകില്ലായിരുന്നു. എന്നാൽ മലേഷ്യയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി ചൈനയാണ്. ശത്രുവിന്റെ ശത്രു മിത്രമാണെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം ചൈനയിലേയും, മലേഷ്യയിലേയും ഹിന്ദുക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി സാക്കിര്‍ നായിക് ആ സാധ്യതയും നശിപ്പിച്ചു. അതിന് ശേഷം നായികിനെ മലേഷ്യയിലെ പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിലക്കിയെന്നും മഹാതീര്‍ കൂട്ടിച്ചേർത്തു.
വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായികിന്റെ പ്രസംഗങ്ങള്‍ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം സാക്കിറിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദേശീയ അന്വേഷണ ഏജന്‍സി ഐഎസുമായി ബന്ധമുള്ള 127 തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാവരും സാക്കിറിന്റെ പ്രഭാഷണങ്ങള്‍ പതിവായി കേള്‍ക്കുന്നവരായിരുന്നു.നിലവില്‍ മലേഷ്യയില്‍ ഒളിവില്‍ കഴിയുന്ന സാക്കിറിനെ വിട്ട് കിട്ടുന്നതിന് മോദി സര്‍ക്കാര്‍ മലേഷ്യയിലെ മുഹ്‌യുദ്ദീന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.
Post Your Comments