Latest NewsNewsIndia

പ്രസവത്തിന് ഭാര്യക്കരികില്‍ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തു, അഖിലേഷിന്റെ യാത്ര ആദ്യകുഞ്ഞിനെ കാണാന്‍ പോലും സാധിക്കാതെ, പ്രിയ പത്‌നിയോട് മരണവാര്‍ത്ത അറിയിക്കാതെ കുടുംബാംഗങ്ങള്‍

ലക്‌നൗ: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സഹപൈലറ്റായിരുന്ന അഖിലേഷ് യാത്രയാകുമ്പോള്‍ ഒരുപിടി നൊമ്പരങ്ങളാണ് അവശേഷിക്കുന്നത്. തന്റെ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നതിനിടെയാണ് അഖിലേഷ് കുമാറിനെ തേടി മരണം എത്തിയത്.

മഥുര ഗോവിന്ദ് നഗര്‍ സ്വദേശിയായ അഖിലേഷ് കുമാര്‍ രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. പൂര്‍ണ്ണഗര്‍ഭിണിയായ തന്റെ പ്രിയ പത്‌നി മേഘയ്ക്ക് ഈ വരുന്ന സെപ്റ്റംബര്‍ ഒന്നിനായിരുന്നു പ്രസവതീയതി അറിയിച്ചിരുന്നത്. ഇതിന് മുമ്പായി ഭാര്യക്കരികിലേക്ക് മടങ്ങിയെത്തുമെന്ന് അഖിലേഷ് മേഘ്‌നയ്ക്ക് വാക്കും നല്‍കിയിരുന്നു. ഇതിനായി ലീവ് അപേക്ഷ നല്‍കി ഓഗസ്റ്റ് 21ന് വീട്ടിലേക്ക് മടങ്ങി വരുമെന്നും ഇദ്ദേഹം അറിയിച്ചു.

എന്നാല്‍ പിന്നീട് നടന്നത് ഒരിക്കലും ചിന്തിച്ചതു പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്ന കുടുംബാംഗങ്ങളെ തേടിയെത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. ഭര്‍ത്താവിന്റെ മരണവിവരം ഭാര്യയായ മേഘയെ ബന്ധുക്കള്‍ അവസാന നിമിഷം വരെ അറിയിച്ചിരുന്നില്ല. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എന്ന വിവരം മാത്രമാണ് പൂര്‍ണ്ണ ഗര്‍ഭിണി ആയ ആ യുവതിയെ അറിയിച്ചത്. ദുരന്ത വാര്‍ത്തകള്‍ ടിവിയിലും പത്രങ്ങളിലും എത്തുന്നുണ്ടെങ്കിലും ഇതൊക്കെ മേഘയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

‘ഞങ്ങള്‍ക്ക് ഒരു മകനെ നഷ്ടമായി ഇത്തരമൊരു അവസ്ഥയില്‍ ഈ ദുഃഖവിവരം അറിയിച്ച് മേഘയെയും കുഞ്ഞിനെയും കൂടി നഷ്ടമാകുമെന്ന് ഭയത്തിലാണ് വിവരങ്ങള്‍ മറച്ചു വച്ചത്’ അഖിലേഷിന്റെ അമ്മാവനായ കമല്‍ പറയുന്നു. മേഘയെ വിവരങ്ങള്‍ അറിയിക്കാതിരിക്കാന്‍ വീട്ടിലുള്ളവര്‍ കരച്ചില്‍ പോലും അടക്കി പിടിച്ചിരിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

അഖിലേഷിന്റെ മൃതദേഹം കേരളത്തില്‍ നിന്ന് പുലര്‍ച്ചെ 2.25ഓടെ തന്നെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇവിടെ ഔദ്യോഗിക ആദരവിന് ശേഷം ജന്മദേശമായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടു പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button