കോട്ടയം: കനത്ത മഴയില്‍ കോട്ടയം മണര്‍കാട് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി സ്വദേശിയും കൊച്ചി വിമാനത്താവളത്തിലെ ടാക്‌സി കാര്‍ ഡ്രൈവറുമായ ജസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലിന് ഒടുവില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസ്റ്റിന്റെ കാര്‍ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് ജസ്റ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരനുമായി കോട്ടയത്ത് എത്തിയതായിരുന്നു ജസ്റ്റിന്‍. യാത്രക്കാരനെ വീട്ടിലാക്കി മടങ്ങി വരുന്ന വഴിയാണ് വെള്ളൂര്‍ തോട്ടിനടുത്ത് വച്ച് കാര്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയത്. കാര്‍ ഒഴുക്കില്‍പെട്ടപ്പോള്‍ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിന്‍ കാറിനുള്ളില്‍ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിന്‍ ഏര്‍പ്പാടാക്കിയ ശേഷം കാറില്‍ ഹാന്‍ഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു. 30 അടിയോളം താഴ്ചയുള്ള താഴ്ചയുള്ള ഭാഗത്തേക്കാണ് കാര്‍ ഒഴുകി പോയത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
അതേസമയം മീനച്ചിലാര്‍, മണിമലയാര്‍, കൊടൂരാര്‍ എന്നീ പുഴകള്‍ കരകവിഞ്ഞൊഴുകിയതോടെ പലയിടത്തും മഹാപ്രളയത്തിന് സമാനമായ സാഹചര്യമായി. മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരത്ത് നിരവധി വീടുകള്‍ മുങ്ങി. മൂവാറ്റുപുഴയാര്‍ കര കവിഞ്ഞൊഴുകി വൈക്കം താലൂക്കില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. എംസി റോഡില്‍ ഉള്‍പ്പെടെ ഏഴ് പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയം ജില്ലയില്‍ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നാലായിരത്തോളം പേരാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ ഉള്ളത്.
Post Your Comments