ഗാങ്ടോക് : നായകളെ ആരാധിക്കുന്ന നാട്ടിൽ നായയെ കൊന്നതിന് 32 വയസുകാരൻ അറസ്റ്റിൽ. സിക്കിമിലാണ് സംഭവം നടന്നത്. പി എഫ് എ(പീപ്പിൾ ഫോർ ആനിമൽ)യും നായയുടെ ഉടമയും നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്. ഐപിസി വകുപ്പ് 428, 429, 201 എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കൻ സിക്കിമിലെ മണി ധാര ഗ്രാമത്തിലെ റോഗ്യേകിലെ താമസക്കാരനായ നരേൻ തമങ് ആണ് ആരോപണവിധേയൻ. ഇയാൾ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയാണ്. പരസ്പരമുണ്ടായ വഴക്കിനെ തുടർന്ന് കസിന്റെ വളർത്തുനായയെ ഇയാൾ കൊല്ലുകയായിരുന്നു.
സംഭവത്തിനു ശേഷം നായയുടെ മൃതദേഹം ഒരു മലഞ്ചെരിവിൽ വലിച്ചെറിഞ്ഞ് തെളിവ് നശിപ്പിക്കാനും ഇയാൾ ശ്രമിച്ചു. പിന്നീട് പൊലീസിന്റെ സഹായത്തോടെ പി എഫ് എ പ്രവർത്തകർ മലഞ്ചെരിവിലുള്ള കാട്ടിൽ നിന്നും നായയുടെ ജഡം കണ്ടെത്തി. തുടർന്ന് സറ ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി. താൻ എത്ര അപകടകാരിയാണെന്ന് ബന്ധുക്കൾക്ക് തെളിയിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
എന്നാൽ, നായയെ അതിക്രൂരമായാണ് ഇയാൾ കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാവ് കഷണങ്ങളായി മുറിയുന്നതു വരെ തലയിലും വായിലും കുത്തി. സഹായത്തിനായി നായ നിലവിളിച്ചെങ്കിലും വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന സ്ത്രീകൾക്ക് യുവാവിനെ തടയാൻ ഭയമായിരുന്നു. പാതിബോധത്തിൽ നായ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നായയെ വീണ്ടും പിടികൂടി തന്റെ കാറിൽ പൂട്ടിയിട്ട യുവാവ് വീണ്ടും തലയ്ക്കിട്ട് അടിക്കാൻ തുടങ്ങി. അതിനുശേഷം മലഞ്ചെരിവിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഖലിംഗ് പറഞ്ഞു.
Post Your Comments