
മാവേലിക്കര : ഏഴു കിലോ കഞ്ചാവുമായി ബി.ടെക് വിദ്യാര്‍ഥിയും ബിരുദധാരിയും അറസ്‌റ്റില്‍. കൊയ്‌പ്പള്ളി കാരാഴ്‌മ രാജമംഗലം വീട്ടില്‍ സോനു(25), ലക്ഷ്‌മി നിവാസില്‍ സിജിന്‍(23) എന്നിവരെയാണ് മാവേലിക്കര ഇൻസ്പെക്ടർ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്
എറണാകുളം ഭാഗത്തുനിന്ന് കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തട്ടാരമ്പലം പനച്ചമൂട് ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച കാറിനെ പോലീസ് പിന്തുടരുകയായിരുന്നു. സോനുവിന്റെ വീട്ടിലെത്തിയാണ് യുവാക്കളെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തത്.
സോനു ബി.ടെക്. പഠനം പൂർത്തീകരിച്ചശേഷം കായംകുളത്തെ സ്വകാര്യ ആംബുലൻസ് സർവീസിൽ ഡ്രൈവറായി ജോലിചെയ്ത് വരുകയായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വ്യാപാരമേഖലയിൽ പത്തു ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ആദ്യമായാണ് പിടിയിലാകുന്നതെങ്കിലും സമാന ഇടപാടുകൾ മുമ്പും നടത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്. ലോക്ഡൗണുമായി ബന്ധപ്പെട്ട് പോലീസ് വാഹനപരിശോധന കർശനമാക്കിയതിന്റെ ഫലമായാണ് യുവാക്കൾ പിടിയിലായത്.
എസ്.ഐമാരായ പി.ടി.ജോണി, ജെ.യു.ജിനു, ആന്റി നർക്കോട്ടിക് എസ്.ഐമാരായ വൈ.ഇല്യാസ്, ടി.സന്തോഷ്കുമാർ, സീനിയർ സി.പി.ഒ. പ്രതാപ് മേനോൻ തുടങ്ങിയവർ വാഹനപരിശോധനയ്ക്ക് നേതൃത്വം നൽകി.
Post Your Comments