ബെയ്‌റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി ഹസന്‍. ദുരന്തത്തിനിടയാക്കിയത് 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് പറഞ്ഞു. സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ആറുവര്‍ഷമായി ഇത് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബെയ്‌റൂട്ടിലെ തുറമുഖത്തിനു സമീപം സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 4,000 പേര്‍ക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോര്‍ജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തല്‍. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. നഗരം മുഴുവന്‍ പൊടിപടലം വ്യാപിച്ചു. നിരവധി ആളുകളെ കാണാതായി. ആശുപത്രികള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടമാണ്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഇതിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുന്നുണ്ട്.
ഭൂമികുലുക്കം പോലെ തോന്നിയെന്നാണ് നഗരവാസികളില്‍ ചിലര്‍ പറഞ്ഞത്. കിലോമീറ്ററുകളോളം അകലെവരെ സ്‌ഫോടനശബ്ദം കേട്ടു. സ്‌ഫോടനത്തെത്തുടര്‍ന്ന്, ആകാശംമുട്ടുന്ന കൂറ്റന്‍ കൂണുപോലെ പുക ഉയര്‍്ന്നു. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാല്‍ക്കണികള്‍ തകര്‍ന്നുവീണു. അകലെയുള്ള കെട്ടിടങ്ങളുടെ പോലും ജനാലച്ചില്ലുകള്‍ തകര്‍ന്നു.
Post Your Comments