മുംബൈ: അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്കു പിന്നാലെയാണ് മുംബൈ മഹാനഗരത്തെ ഉലച്ച് ശക്തമായ കാറ്റുണ്ടായത്. 107 കിലോമീറ്റര്‍ വേഗതയിലാണ് നഗരത്തിലെ പലഭാഗങ്ങളിലും കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടുകളെ ഉള്‍പ്പെടെ മേല്‍ക്കൂരകള്‍ പറന്നുപോയി. കാറ്റിന്റെ ശക്തിയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കീഴ്‌മേല്‍ മറിഞ്ഞു.
റായ്ഗഡ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടില്‍ മൂന്ന് വലിയ ക്രെയിനുകള്‍ കാറ്റില്‍ തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിവിധ മേഖലകളില്‍, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. നഗരത്തിലെ ബസ് സര്‍വീസുകളെയും വൈദ്യുതി വിതരണത്തെയും ബാധിച്ചു. കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍ മുതല്‍ വാഷി വരേയും താനെയിലേക്കുളള പ്രധാനപാതകളിലും ട്രെയിന്‍ സര്‍വീസ് താല്കാലികമായി നിര്‍ത്തിവച്ചതായി റെയില്‍വേ ട്വീറ്റ് ചെയ്തു.
ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പോലീസും നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈയിലെ നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Post Your Comments