ദില്ലി: ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് എംഎസ് ധോണി. എന്നാല്‍ താരം ഇനി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ. ടീം ഇന്ത്യയില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ ഭാവി വലിയ ചോദ്യചിഹ്നമായിട്ട് ഒരു വര്‍ഷത്തിലേറെയായി എന്നിരിക്കെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ധോണി ടീം ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ചെന്നും നീല ജഴ്സിയില്‍ ധോണി ഇനി കളിക്കുന്നത് കാണാന്‍ സാധ്യതയില്ലെന്നും നെഹ്റ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയിലാണ് ധോണി ഇന്ത്യക്കായി അവസാനം പാഡണിഞ്ഞത്. പ്രായം 39 പിന്നിട്ടെങ്കിലും ഐപിഎല്ലിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കേയാണ് ഏവരുടെയും നെഞ്ചിടിപ്പ് കൂട്ടി ആശിഷ് നെഹ്റയുടെ വെളിപ്പെടുത്തല്‍. സ്റ്റാര്‍ സ്പോര്‍ട്സ് നടത്തിയ ചാറ്റ് ഷോയിലാണ് നെഹ്റയുടെ അഭിപ്രായ പ്രകടനം.
‘ ധോണിയെക്കുറിച്ചുള്ള എന്റെ അറിവില്‍ ധോണി സന്തോഷത്തോടെ ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ധോണിക്ക് ഒന്നും തെളിയിക്കാനില്ല. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാത്തതു കൊണ്ടാണ് മാധ്യമങ്ങള്‍ അദേഹത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നത്. അദ്ദേഹത്തിന്റെ മനസ്സിലെന്താണെന്ന് അയാള്‍ക്കു മാത്രമേ പറയാനാകൂ. ധോണിയുടെ കരിയര്‍ നിര്‍ണയിക്കാന്‍ ഈ ഐപിഎല്‍ സീസണിന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുണ്ട് എന്ന് തോന്നുന്നില്ല അദ്ദേഹം കളിക്കാന്‍ തയ്യാറായാല്‍ എന്റെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പാണ് ‘ എന്നും നെഹ്റ പറഞ്ഞു.
ടെസ്റ്റില്‍ നിന്ന് 2014ല്‍ ധോണി പാഡഴിച്ചിരുന്നു. താരത്തെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ നേരത്തെ ഒഴിവാക്കിയിരുന്നു. കോവിഡ് കാരണം വൈകിയ ഐപിഎല്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങാനിരിക്കേ ഇന്ത്യന്‍ ജഴ്സിയില്‍ ധോണിയുടെ ക്രിക്കറ്റ് ഭാവി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 350 ഏകദിനങ്ങളില്‍ നിന്നും 10773 റണ്‍സും 90 ടെസ്റ്റുകളില്‍ നിന്നും 4876 റണ്‍സും 98 ടി20യില്‍ നിന്നായി 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്.. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ധോണി ഈ സീസണിലും നയിക്കും.
Post Your Comments