അമൃത്സർ : വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം ഉയരുന്നു. പഞ്ചാബിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 86പേരാണ് ഇതുവരെ മരണമടഞ്ഞത്. അമൃത്സര്‍, ബട്ടാല, തന്‍ തരൺ തുടങ്ങി വിവിധ ജില്ലകളിലായാണ് ആളുകൾ മരിച്ചത്. അമൃത്സറിലെ മുച്ചാൽ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആദ്യം മരണം റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ചയോടെ മരണം 38ഉം, ശനിയാഴ്ച 48ഉം, ഒടുവിൽ 86ഉം ആയി ഉയർന്നു. ഏറ്റവും കൂടുതൽ മരണം തൻ തരൻ ജില്ലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 63 പേർ മരിച്ചു. 12 പേർ അമൃത്സറിലും 11 പേർ ബട്ടാലയിലും മരിച്ചു. എത്ര പേർ ആശുപത്രികളിലുണ്ടെന്ന കണക്ക് ലഭ്യമല്ല.
സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. അതോടൊപ്പം ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ജില്ലകളിലായി നൂറോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. നിരവധി സ്ഥലങ്ങളിൽ നിന്ന് വാറ്റാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ പിടിച്ചെടുത്തു. റെയ്ഡുകളിൽ നിന്ന് വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മദ്യ മാഫിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് ഡിജിപി ദിൻകർ ഗുപ്ത അറിയിച്ചു. അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരിന്ദർ സിങ് രാജിവെയ്ക്കണമെന്ന ആവശ്യവുമായി ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ രംഗത്തെത്തി.
Post Your Comments