കോവിഡ് ബാധിച്ചവരില്‍ വ്യാപകമായി കണ്ടുവരുന്ന ലക്ഷണമായ ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കഴിവ് നഷ്ടമാകുന്നതിനു പിന്നിലുള്ള കാരണം ഗവേഷകര്‍ കണ്ടെത്തി. ഇത് എന്തു കൊണ്ടാണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍. മണക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന തരത്തില്‍ കൊറോണ വൈറസ് ബാധിക്കുന്ന കോശങ്ങളെയാണ് ഇവിടുത്തെ വിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
Read Also : ഇന്ന് 17 ഹോട്ട്സ്പോട്ടുകള്‍ : 23 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
തലച്ചോറിലേക്ക് മണം സംബന്ധിച്ച വിവരങ്ങളെത്തിക്കുന്ന ഓള്‍ഫാക്ടറി ന്യൂറോണുകളെയല്ല കൊറോണ വൈറസ് ബാധിക്കുന്നതെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മറിച്ച് ഇവയ്ക്ക് പിന്തുണ നല്‍കുന്ന ഒരു കൂട്ടം കോശങ്ങളെയാണ് കോവിഡ് ബാധിക്കുന്നത്. ഈ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധ കാരണം ഓള്‍ഫാക്ടറി ന്യൂറോണുകള്‍ക്ക് കൃത്യമായി മണം തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കാതെ വരികയും രോഗിക്ക് മണം നഷ്ടപ്പെടുകയും ചെയ്യും.
അണുബാധ മാറുമ്പോഴേക്കും ഓള്‍ഫാക്ടറി ന്യൂറോണുകള്‍ സജീവമാവുകയും മണം തിരികെ ലഭിക്കുകയും ചെയ്യും. ഓള്‍ഫാക്ടറി ന്യൂറോണുകളെ കോവിഡ് നേരിട്ട് ബാധിക്കാത്തതിനാല്‍ ഇവ ആദ്യം മുതല്‍ വളര്‍ന്നു വരേണ്ട സാഹചര്യമുണ്ടാകില്ല. ഇക്കാരണം കൊണ്ടുതന്നെ കോവിഡ് ദീര്‍ഘകാലത്തേക്ക് മണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ ന്യൂറോബയോളജി പ്രഫസര്‍ സന്ദീപ് റോബര്‍ട്ട് ദത്ത പറയുന്നു.
കോവിഡ് രോഗികളില്‍ മണം നഷ്ടമാകാനുള്ള സാധ്യത അതില്ലാത്തവരേക്കാല്‍ 27 മടങ്ങ് അധികമാണ്. അതേ സമയം പനിയോ ചുമയോ മറ്റ് ശ്വസന പ്രശ്നങ്ങളോ ഉണ്ടാകാനുള്ള സാധ്യത 2.2 മുതല്‍ 2.6 മടങ്ങ് മാത്രമാണ്.
കോവിഡ് മൂലം മണം നഷ്ടമാകുന്ന അവസ്ഥയും മറ്റ് രോഗങ്ങള്‍ മൂലമുള്ള മണം നഷ്ടമാകലും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഗവേഷണ പഠനത്തില്‍ പറയുന്നു. കോവിഡ് രോഗികള്‍ക്ക് മണം ആഴ്ചകള്‍ക്കുള്ളില്‍ തിരികെ ലഭിക്കും. അതേ സമയം മറ്റ് വൈറല്‍ അണുബാധ മൂലം മണം നഷ്ടപ്പെട്ടവര്‍ക്ക് അതിന് ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാം. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
Post Your Comments