Latest NewsNews

രാഖിയുടെ ഐതിഹ്യം

രക്ഷാബന്ധന്‍ അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയില്‍ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗര്‍ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയില്‍ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്‌നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. രക്ഷാബന്ധന് പിന്നില്‍ ഒരു ഐതീഹ്യമുണ്ട്.

ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്നു. ദേവന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ പത്‌നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യില്‍ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും,ഈ രക്ഷാസൂത്രത്തിന്റെ ബലത്തില്‍, ഇന്ദ്രന്‍ ശത്രുക്കളെ പരാജയപ്പെടുത്താന്‍ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതല്‍ ‘രക്ഷാബന്ധനം’ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി സഹോദരന്റെ കൈകളില്‍ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തില്‍ വന്നു.

രാഖിയുടെ നൂലുകള്‍ക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി, പുരുവിനെ സമീപിക്കുകയും, കൈകളില്‍ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്, യുദ്ധത്തില്‍ സിക്കന്ദറെ വധിക്കുകയില്ല എന്ന് ഒരു സത്യവചനവും വാങ്ങി. പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇത്.

സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുരപലഹാരങ്ങള്‍ നല്‍കി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ഥിച്ച് കൈയില്‍ വര്‍ണനൂലുകളാല്‍നിര്‍മിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരന്‍ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരന്‍ സഹോദരിക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു.

അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാല്‍ അവളെ അവര്‍ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം ഉത്തരേന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിലാണ് ഈ ആചാരം കൂടുതല്‍ പ്രചാരത്തിലുള്ളത്.

shortlink

Post Your Comments


Back to top button