KeralaLatest NewsNews

തിരുവനന്തപുരം മാളിന് പുറമേ കേരളത്തില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കാന്‍ ലുലു ഗ്രൂപ്പ് ; തിരുവനന്തപുരത്ത് ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ കേന്ദ്രവും പരിഗണനയില്‍

അബുദാബി • കേരളത്തില്‍ തിരുവനന്തപുരം മാളിന് പുറമേ അഞ്ച് നഗരങ്ങളില്‍ കൂടി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ഒരുങ്ങി ലുലു ഗ്രൂപ്പ്. തൃശ്ശൂർ, കോട്ടയം, കോഴിക്കോട്, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യ , ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍റ്റുകള്‍ തുറക്കുന്നുണ്ട്.

ഇൻഡൊനീഷ്യയിലെ മൂന്നാമത്തെതും ഗ്രൂപ്പിന്റെ 191-ാമതുമായ ഹൈപ്പർമാർക്കറ്റ് തലസ്ഥാനമായ ജക്കാർത്തയ്ക്കടുത്തുള്ള വെസ്റ്റ് ജാവയിലെ ബോഗോർ പ്രവിശ്യയിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് വർഷത്തിനുള്ളിൽ ഇൻഡൊനീഷ്യയിൽ പത്ത് ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ.യിലും ഈജിപ്തിലും ലുലു പുതിയ ഹൈപ്പർമാർക്കറ്റുകൾ തുറന്നിരുന്നു.

തിരുവനന്തപുരം ലുലു മാൾ, ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളായ ലഖ്‌നൗ ലുലു മാൾ എന്നിവ അടുത്ത മാർച്ച്-ഏപ്രിൽ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും ലുലു വ്യക്തമാക്കി. ഇ-കൊമേഴ്‌സ് പ്രവർത്തനം കേരളത്തിൽ എല്ലായിടത്തും വ്യാപകമാക്കും. കൂടാതെ കൊച്ചിയിൽ 100 ശതമാനം കയറ്റുമതിക്കായുള്ള മത്സ്യ സംസ്കരണകേന്ദ്രവും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചൈനയുമായുള്ള പ്രശ്നങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങേണ്ടിവന്നാല്‍ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button