തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ (ഇന്റര്‍നെറ്റ് ) വഴി മനുഷ്യക്കടത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വ്യക്തിയുടെ വിവരങ്ങളും ചിത്രങ്ങളുമടക്കം കടത്തുകയും അത് ദുരുപയോഗിക്കുകയുമാണ് സൈബര്‍ മനുഷ്യക്കടത്ത്. .സ്ത്രീകളും കുട്ടികളുമാണ് ഇതിന് കൂടുതലും ഇരയാകുന്നതെന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ജസ്റ്റിസ് മിഷന്‍ (ഐജെഎം) ഇന്ത്യ അടക്കമുള്ള പ്രമുഖ സംഘടനകളുടെ പ്രവര്‍ത്തകര്‍ പറയുന്നു.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ മനുഷ്യക്കടത്തുസംഘത്തിന്റെ കണ്ണികളുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈബര്‍ ട്രാഫിക്കിങ്ങാണ് കൂടുതല്‍. പണമുണ്ടാക്കാന്‍ സ്വയം ഈ വലയില്‍ ചേരുന്നവരുണ്ട്. എന്നാല്‍ ഭൂരിഭാഗവും സംഘത്തിന്റെ കൈയില്‍പ്പെട്ടുപോകുന്നവരാണ്. വ്യക്തികളുടെ ചിത്രങ്ങള്‍ മോര്‍ഫുചെയ്തും അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ചും സംഘം ആവശ്യപ്പെടുന്ന രീതിയില്‍ ചിത്രങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കുകയാണ് ചെയ്യുന്നത്.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2018-ല്‍ 2465 കേസുകളാണ് റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ ഇതേ വര്‍ഷം രാജ്യത്തുനിന്നു കാണാതായത് 3,47,524 പേരാണ്. കേരളത്തില്‍ ഈ വര്‍ഷം ജൂണ്‍ വരെ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയ 198 കേസുകളുണ്ട്. ഇതില്‍ 117 പേരും കുട്ടികളാണ്. 2019 ല്‍ 224 സ്ത്രീകളെയും 267 കുട്ടികളെയും തട്ടിക്കൊണ്ടുപോയെന്നാണു കണക്ക്.
മനുഷ്യക്കടത്തുസംഘത്തിന്റെ കൈകളില്‍പ്പെട്ടവര്‍ നിര്‍ബന്ധിത ജോലി, ലൈംഗികചൂഷണം, മയക്കുമരുന്നു കടത്ത്, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത വ്യഭിചാരം, ഭീകര പ്രവര്‍ത്തനം എന്നിവയില്‍ എത്തപ്പെടുന്നതായി യുഎന്‍ മനുഷ്യക്കടത്തുവിരുദ്ധ വിഭാഗം വ്യക്തമാക്കുന്നു.
Post Your Comments