കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പകൽ 9 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ. കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ശിവശങ്കറിന്റെ നേരത്തെ നല്‍കിയ മൊഴികളും ഇന്നലത്തെ മൊഴികളും പരിശോധിച്ച് പൊരുത്തക്കേടുകളില്‍ വ്യക്തത വരുത്തുകയാണ് എന്‍ഐഎയുടെ ലക്ഷ്യം. മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വപ്‌നയ്ക്കും കൂട്ടുപ്രതികൾക്കും കളളക്കടത്ത് ഇടപാടുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കറിന്‍റെ നിലപാട്. ഇക്കാര്യത്തിൽ മനപൂവം മൗനം നടിച്ചതാണെങ്കിൽ ശിവശങ്കർ പ്രതിയാകും. കളളക്കടത്ത് പിടികൂടിയതിന് പിന്നാലെ പലവട്ടം സ്വപ്ന ശിവശങ്കറിനെ വിളിച്ചിട്ടുണ്ട്. ടെലിഗ്രാം ചാറ്റുകളും നടത്തിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം എം ശിവശങ്കര്‍ കൊച്ചിയില്‍ കഴിയുന്നത് എന്‍ഐഎ നിരീക്ഷണത്തിലാണ്. എന്‍ഐഎ ആണ് ശിവശങ്കറിനായി ഹോട്ടല്‍ മുറി ബുക്ക് ചെയ്തതത്. ഉദ്യോഗസ്ഥരില്‍ ചിലരും ഹോട്ടലില്‍ തങ്ങിയിട്ടുണ്ട്.
Post Your Comments