മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ ശ്രദ്ധേയ വേഷത്തില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്മാന്. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പ്രഖ്യാപിച്ചത്. ‘യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ’ എന്ന ടാഗ് ലൈനില്‍ ചിത്രത്തിന്റെ കണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
1964ല്‍ നടന്ന കൊണ്ട യുദ്ധത്തിനിടയില്‍ വിരിഞ്ഞ ഒരു മനോഹര പ്രണയം പറയുന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ നിര്‍മാണം സ്വപ്ന സിനിമാസിന്റെ ബാനറില്‍ പ്രിയങ്ക ദത്താണ്. ഹന്നു രാഘവപുടിയാണ് സംവിധാനം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുല്‍ഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാല്‍ ചന്ദ്രശേഖരാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വൈജയന്ത്രി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന പ്രഭാസ്, ദീപിക പദുക്കോണ്‍ ബിഗ് ബജറ്റ് സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ദുല്‍ഖര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സിനിമയിലാണ് ദുല്‍ഖര്‍ ഒടുവിലായി അഭിനയിച്ചത്. തെലുങ്കില്‍ ‘കനുലു കനുലു ദൊച്ചയന്റെ’ എന്ന പേരില്‍ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
Post Your Comments