ആഗ്ര: കാമുകനൊപ്പം നാടുവിടനായി തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി 19-കാരി മാതാപിതാക്കളോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. വീട്ടുകാർ പ്രണയബന്ധം അംഗീകരിക്കാതിരുന്നതിനാലാണ് ഇരുവരും പണം വാങ്ങി നാടുവിടാനായി പദ്ധതിയിട്ടത്. ഒടുവിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത് വീടിന് ഇരുന്നൂറ് മീറ്റർ മാറിയുള്ള ഫാംഹൗസിൽ നിന്നാണ്
ഉത്തർപ്രദേശിലെ ഏട്ടാ ജില്ലയിലെ നാഗ്ലഭാജ്ന ഗ്രാമത്തിലാണ് കഴിഞ്ഞദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഗ്രാമത്തിലെ 19 വയസ്സുകാരിയെ വീട്ടിൽനിന്ന് കാണാതായത്. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യം നൽകിയാൽ വിട്ടുനൽകാമെന്നുമുള്ള ഫോൺ സന്ദേശം ലഭിച്ചു. പെൺകുട്ടി തന്നെയാണ് ശബ്ദം മാറ്റി മാതാപിതാക്കളോട് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കണ്ടെത്തുകയും ചെയ്തു. പോലീസിനെ കണ്ട് കാമുകൻ ഓടിരക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് സ്വയം ആസൂത്രണം ചെയ്ത തട്ടിക്കൊണ്ടുപോകൽ നാടകമായിരുന്നുവെന്ന് തെളിഞ്ഞത്.
അയൽക്കാരനായ യുവാവുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിർത്തു. ഇതോടെയാണ് കാമുകനൊപ്പം നാടുവിടാൻ ആലോചിച്ചത്. അടുത്തിടെ കുടുംബം ഒരു സ്കൂൾ തുറക്കാൻ പോകുന്നതും ഇതിനായി ഒരു കോടി രൂപ സ്വരൂപിച്ചതും പെൺകുട്ടി അറിഞ്ഞിരുന്നു. നാടുവിടുന്നതിനുള്ള പണം തട്ടിയെടുക്കാന്‍ പറ്റിയ സമയം ഇതാണെന്ന് പെൺകുട്ടി തീരുമാനിച്ചു. തുടർന്ന് കാമുകനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർക്കെതിരേയും കേസെടുത്തതായും ഒളിവിൽ പോയ കാമുകന് വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments