Latest NewsKeralaNews

സ്വർണ്ണക്കള്ളക്കടത്ത്: സംസ്ഥാന സർക്കാർ പരസ്യമായി സഹകരിക്കുമെന്ന് പറഞ്ഞ് രഹസ്യമായി അന്വേഷണം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ രഹസ്യമായി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.സി.ടി.വി ദൃശ്യങ്ങളുടെ പേരിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്.

സി.സി.ടി.വി ദൃശ്യങ്ങൾ നന്നാക്കാനുള്ള ആവശ്യം ഉന്നയിച്ച കത്ത് വ്യാജമാണെന്നും അദ്ദേഹം കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളക്കടത്തുമായി ബന്ധമുള്ള ആളുകൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങി. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ മുറിയിലും സ്വപ്‌ന ഉൾപ്പെടെയുള്ളവർ വന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലായ് 5,6 തിയ്യതികളിൽ സെക്രട്ടറിയേറ്റിൽ ഇതിനായുള്ള ശ്രമം നടന്നു. ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ എന്തിനാണ് കസ്റ്റംസ് ചോദിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങൾ വിട്ടുനൽകാൻ സർക്കാർ തയ്യാറാവാതിരുന്നത്. സർക്കാർ അന്വേഷണത്തിനോട് സഹകരിച്ചിരുന്നെങ്കിൽ അണ്ടർ സെക്രട്ടറിയെ എൻ.ഐ.എക്ക് രണ്ടര മണിക്കൂർ ചോദ്യം ചെയ്യേണ്ടി വരില്ലായിരുന്നു.

അന്വേഷണത്തെ വഴി തെറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രിൻസിപ്പൽ സെക്രട്ടറി ഓഫീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കള്ളക്കടത്ത് സംഘം സന്ദർശിച്ചത് മറച്ച് വെക്കാനാണ് സി.സി.ടി.വി ക്യാമറ ദൃശ്യം ഒഴിവാക്കാൻ ശ്രമിക്കുന്നത്.

തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് സർക്കാർ ഇപ്പോൾ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. എൻ.ഐ.എ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. കള്ളക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാൻ ആർക്കും ആവില്ല.

കേരള സർക്കാർ നടത്തുന്നത് കോടിക്കണക്കിനു രൂപയുടെ കൊള്ളയാണ്.90,000 പേർക്ക് ജോലി നൽകാനാകും എന്ന് പറഞ്ഞാണ് സ്മാർട്ട് സിറ്റി വിഭാവനം ചെയ്തത്.കൊച്ചി സ്മാർട്ട് സിറ്റിയിലെ 246 ഏക്കർ ഭൂയിലെ 30ഏക്കർ വിൽക്കാനുള്ള തീരുമാനം ശതകോടികളുടെ അഴിമതി. ഭൂമിവിൽക്കാൻ ശിവശങ്കർ- സ്വപ്ന കൂട്ടുകെട്ട് ശ്രമിച്ചു.കെ.പി.എം.ജിയെ കൺസൽട്ടൻസിയായി നിയമിച്ചത് സർക്കാരിന്റെ അവസാനം കാലത്ത് കാടുംവെട്ട് ലക്ഷ്യമിട്ടാണ്.സ്മാർട്ട്‌ സിറ്റി ഭൂമി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റിന് പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണം.സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികൾ പരാജയമായതാണ് കേരളത്തിൽ കേസുകൾ വർദ്ധിക്കാൻ കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button